പ്രവാസി അവഗണന: മാട്ടൂല്‍ പഞ്ചായത്ത് ഓഫിസില്‍ എസ്ഡിപിഐയുടെ മിന്നല്‍ പ്രതിഷേധം
ഗള്‍ഫ് നാടുകളില്‍ നിരവധി പ്രവാസികള്‍ ജോലിചെയ്യുന്ന ജില്ലയിലെ പ്രധാനപ്പെട്ട പഞ്ചായത്തുകളില്‍ ഒന്നാണ് മാട്ടൂല്‍. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ സര്‍വതും നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്ക് ആശ്വാസം പകരേണ്ട അധികൃതര്‍ അവരെ കൈയൊഴിയുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
മാട്ടൂല്‍(കണ്ണൂര്‍): വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചുവരുന്ന, ഹോം ക്വറന്റീന്‍ സൗകര്യമില്ലാത്ത മാട്ടൂല്‍ ദേശവാസികള്‍ക്ക് പൊതു ക്വറന്റീന്‍ സംവിധാനം ഏര്‍പ്പെടുത്താത്ത പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയ്‌ക്കെതിരേ എസ്ഡിപിഐ പ്രതിഷേധമിരമ്പി.
പാര്‍ട്ടി മാട്ടൂല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നില്‍ മിന്നല്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ക്വറന്റീന്‍ ഒരുക്കല്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഒട്ടുമിക്ക തദ്ദേശഭരണ സ്ഥാപനങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുമ്പോള്‍ മാട്ടൂല്‍ പഞ്ചായത്ത് ഭരണ സമിതി ഗുരുതരമായ അനാസ്ഥ കാട്ടുകയാണെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി. ഗള്‍ഫ് നാടുകളില്‍ നിരവധി പ്രവാസികള്‍ ജോലിചെയ്യുന്ന ജില്ലയിലെ പ്രധാനപ്പെട്ട പഞ്ചായത്തുകളില്‍ ഒന്നാണ് മാട്ടൂല്‍. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ സര്‍വതും നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്ക് ആശ്വാസം പകരേണ്ട അധികൃതര്‍ അവരെ കൈയൊഴിയുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതു ശരിയല്ല. പൊതു ക്വറന്റീന്‍ സൗകര്യമൊരുക്കാന്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥലകെട്ടിട സംവിധാനങ്ങള്‍ ഉണ്ട്. എന്നാല്‍, ഇതേക്കുറിച്ചുള്ള ആലോചനകള്‍ പോലും ഇതുവരെ നടത്തിയിട്ടില്ല. ഒരുവശത്ത് പ്രവാസികളുടെ രക്ഷകവേഷം ചമയുമ്പോള്‍ മറുവശത്ത് രോഗഭീതിയും ദുരിതവും അലട്ടുന്ന പ്രവാസികളെ വഞ്ചിക്കുന്ന നിലപാടാണ് പഞ്ചായത്ത് ഭരിക്കുന്ന പാര്‍ട്ടിയും പഞ്ചായത്ത് ഭരണസമിതിയും തുടരുന്നത്. ഈ കാപട്യം പൊതുജനം തിരിച്ചറിയണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയ പ്രതിഷേധത്തിന് കെ കെ അനസ്, കെ അസദ്, എം ഉനൈസ്, കെ വി മര്‍സൂഖ്, ഫഹീം മടക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.