പ്രവാസികളുടെ മടക്കം എളുപ്പമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം: എസ്ഡിപിഐ
സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാത്തപക്ഷം പ്രക്ഷോഭങ്ങള്‍ ശക്തമാക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നും അബ്ദുല്‍ ലത്തീഫ് വ്യക്തമാക്കി.
തൃശൂര്‍: പ്രവാസികളുടെ മടക്കം എളുപ്പമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഇ എം അബ്ദുല്‍ ലത്തീഫ് ആവശ്യപ്പെട്ടു. പ്രവാസികളെ ഇനിയും മരണത്തിന് വിട്ടുകൊടുക്കരുത്, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വഞ്ചന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എസ്ഡിപിഐ തൃശൂര്‍ ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലും വരുമാനവുമില്ലാതെ മരണത്തെ മുഖാമുഖം കണ്ട് ഭീതിയില്‍ കഴിയുന്ന പ്രവാസികളുടെ മേല്‍ അമിത വിമാനക്കൂലി ചുമത്തി കേന്ദ്ര സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുമ്പോള്‍, ക്വാറന്റൈന്‍ ചെലവ് അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയായിരുന്നു. തെരുവുകളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ കൊവിഡ് പരിശോധന ഒഴിവാക്കി പിപിഇ കിറ്റ് നിര്‍ബന്ധമാക്കുകയായിരുന്നു.
ഓരോ ദിനവും വിദേശത്തുനിന്നു വരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. മലയാളികളുള്‍പ്പെടെ നിരവധി പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞു. പലരും രോഗത്തിലാണ്. പല ലേബര്‍ ക്യാംപുകളിലും രോഗം പടര്‍ന്നുപിടിച്ചിരിക്കുകയാണ്. പ്രവാസികളെയും കുടംബങ്ങളെയും സംബന്ധിച്ചിടത്തോളം കണ്ണീരിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. അവരുടെ കണ്ണീരൊപ്പാന്‍ എല്ലാവരും കൈകോര്‍ത്ത് നില്‍ക്കേണ്ട സമയമാണിത്.
മടങ്ങിവരാനാഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും ഉടന്‍ നാട്ടിലെത്തിക്കണം. അവരുടെ മടങ്ങിവരവിനുള്ള മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കുക, കൊവിഡ് രോഗം ബാധിച്ച് വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് മതിയായ ധനസഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. സര്‍ക്കാര്‍ ഈവിഷയങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കാത്തപക്ഷം പ്രക്ഷോഭങ്ങള്‍ ശക്തമാക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നും അബ്ദുല്‍ ലത്തീഫ് വ്യക്തമാക്കി.
മാര്‍ച്ചിന് ശേഷം നടന്ന പൊതുയോഗത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി കെ വി അബ്ദുല്‍ നാസര്‍, ജില്ല കമ്മറ്റി അംഗങ്ങളായ മനാഫ് കരൂപ്പടന്ന, ഫൈസല്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
രാവിലെ 10.30 ന് പടിഞ്ഞാറെ കോട്ടയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം ഫാറൂഖ്, അഷറഫ് വടക്കൂട്ട്, ജില്ല കമ്മറ്റിയംഗം അനീസ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ മണ്ഡലങ്ങളിലെ പ്രസിഡന്റ് സെക്രട്ടറിമാര്‍ എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.