സിദ്ദീഖ് കാപ്പന്റെ വീട് എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി സന്ദര്‍ശിച്ചു
സിദ്ദീഖ് കാപ്പന്റെ വിമോചനത്തിനുവേണ്ട എല്ലാ നടപടികള്‍ക്കും പാര്‍ട്ടി കൂടെയുണ്ടാവുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പുനല്‍കി.
മലപ്പുറം: യുപി ഹാഥ്‌റസില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ദലിത് യുവതിയുടെ വീട് സന്ദര്‍ശിക്കാന്‍ പോവുന്ന വഴിയില്‍ അറസ്റ്റുചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഭാര്യയെയും കുടുംബത്തെയും എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. സിദ്ദീഖ് കാപ്പന്റെ വിമോചനത്തിനുവേണ്ട എല്ലാ നടപടികള്‍ക്കും പാര്‍ട്ടി കൂടെയുണ്ടാവുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പുനല്‍കി.
നിയമങ്ങള്‍ പാലിക്കാത്ത അറസ്റ്റിലും പെണ്‍കുട്ടിയുടെ വീട്ടിലേയ്ക്കുള്ള വഴിയില്‍ വച്ചുതന്നെ അറസ്റ്റുചെയ്തതിലും ഗൂഢാലോചനയുണ്ടെന്ന് ഫൈസി അഭിപ്രായപ്പെട്ടു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പാര്‍ട്ടിയുടെ സഹായമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബത്തെ സാന്ത്വനപ്പെടുത്തിയും എല്ലാവിധ സഹായങ്ങള്‍ വാഗ്ദാനം ചെയ്തുമാണ് അദ്ദേഹം വേങ്ങര പാലച്ചിറമാടുള്ള വീട്ടില്‍നിന്നും മടങ്ങിയത്. എസ് ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സാദിഖ് നടുത്തൊടി, വേങ്ങര മണ്ഡലം പ്രസിഡന്റ് ഷരീഖാന്‍, പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളായ അബ്ദുറഹ്മാന്‍, ശിഹാബ് എന്നിവരും കൂടെയുണ്ടായിരുന്നു.