പഞ്ചായത്ത് ഓഫിസ് അണുവിമുക്തമാക്കിയത് അധികൃതരുടെ അനുമതിയോടെ: എസ്ഡിപിഐ

അണുനശീകരണയജ്ഞം നടത്തിയതിന്റെ വാര്‍ത്ത നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് എസ്ഡിപിഐക്കെതിരേ വിവാദ പരാമര്‍ശവുമായി രംഗത്തെത്തുകയായിരുന്നു.

Update: 2020-07-28 09:35 GMT

വേളം: വേളം പഞ്ചായത്ത് ഓഫിസ് അണുവിമുക്തമാക്കിയത് അധികൃതരുടെ അനുമതിയോടെയാണെന്ന് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി. കഴിഞ്ഞ ദിവസം വേളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ പഞ്ചായത്ത് കാര്യാലയത്തിലും അണുനശീകരണം നടത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ കാര്യാലയം ശുചീകരിച്ചത്.

വേളം വില്ലേജ് ഓഫിസ്, കൃഷി ഭവന്‍, കോറന്റൈന്‍ സെന്റര്‍ എന്നിവയും ഏതാനും പള്ളികളും കാക്കുനി അങ്ങാടിയിലുമാണ് അണുനശീകരണ പ്രവര്‍ത്തി നടത്തിയത്. എന്നാല്‍, അണുനശീകരണയജ്ഞം നടത്തിയതിന്റെ വാര്‍ത്ത നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് എസ്ഡിപിഐക്കെതിരേ വിവാദ പരാമര്‍ശവുമായി രംഗത്തെത്തുകയായിരുന്നു. അധികൃതരുടെ അറിവോടെ നടത്തിയ പ്രവര്‍ത്തിക്കിടെ ഓഫിസില്‍ നിന്ന് ഫയലുകള്‍ നഷ്ടപ്പെട്ടെന്ന ആരോപണം ഗൗരവതരമാണ്. കൃത്യമായ അന്വേഷണം നടത്തി ഫയലുകള്‍ കണ്ടെത്തുകയും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പാര്‍ട്ടിക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരവും അശ്ലീലവുമായ പരാമര്‍ശം നടത്തിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് നിസാര്‍ കെ.എം അധ്യക്ഷത വഹിച്ചു. ഓണ്‍ലൈന്‍ മീറ്റിങില്‍ നൗഷാദ് പി, റിശാദ് വി പി, മുഹമ്മദ് റാഫി, റഫീഖ് സി കെ എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News