അസ്‌ലം വധക്കേസ്, നാദാപുരം കേസുകള്‍: ലീഗ്-സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയം അവസാനിപ്പിക്കണം-എസ്ഡിപിഐ

പ്രതികള്‍ക്കെതിരെയുള്ള പ്രധാന സാക്ഷികളെ (അസ്‌ലമിന്റെ ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉള്‍പ്പടെ) തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുക്കുന്നതില്‍ നിന്നും മറ്റു സാക്ഷിമൊഴികള്‍ നല്‍കുന്നതില്‍ നിന്നും ലീഗ് നേതൃത്വം തന്നെ പിന്തിരിപ്പിച്ചതായും എസ്ഡിപിഐ ആരോപിച്ചു.

Update: 2020-08-19 15:10 GMT

വടകര: കഴിഞ്ഞ നാലു പതിറ്റാണ്ടില്‍ ഏറെയായി നാദാപുരം പ്രദേശങ്ങളെ അശാന്തിയില്‍ ആഴ്ത്തിയ ലീഗ്-സിപിഎം ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ തനിയാവര്‍ത്തനമാണ് 2015ല്‍ നടന്ന തൂണേരി വെള്ളൂര്‍ കേസുകളുടെ കാര്യത്തിലും ഇപ്പോള്‍ നടന്നു വരുന്നതെന്നു എസ്ഡിപിഐ നാദാപുരം മണ്ഡലം കമ്മറ്റി ആരോപിച്ചു.

2015 ജനുവരിയില്‍ നാദാപുരം തൂണേരിയിലെ വെള്ളൂര്‍ പ്രദേശത്ത് ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മുസ്‌ലിം ലീഗുകാരനാല്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പേരില്‍ ആയിരുന്നില്ല. എന്നിട്ടും പ്രതികാരമായി വെള്ളൂരിലെ നൂറോളം മുസ്‌ലിം വീടുകള്‍, ഒരു പകല്‍ മുഴുവന്‍ പോലിസിനെ നോക്കുകുത്തിയാക്കി, സിപിഎം പ്രവര്‍ത്തകര്‍ കൊള്ളയടിക്കുകയും കടത്തികൊണ്ടുപോകാന്‍ കഴിയാത്തത് കത്തിച്ചു ചാമ്പലാക്കുകയും ചെയ്തു.

കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ വധക്കേസ് ഒന്നര വര്‍ഷത്തിനിടയില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞു. ആരോപിക്കപ്പെട്ട പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടു കോടതി അവരെ വെറുതെ വിട്ടു.

തുടര്‍ന്ന് ഷിബിന്‍ വധക്കേസിലെ പ്രധാന പ്രതികളിലൊരാളും യുത്ത് ലീഗ് പ്രവര്‍ത്തകനുമായ അസ്‌ലമിനെ 2016 ആഗസ്തില്‍ സുഹൃത്തുമൊത്ത് ബൈക്കില്‍ കളിക്കാന്‍ പോകുന്നതിനിടെ സിപിഎം പ്രവര്‍ത്തകര്‍ മൃഗീയമായി വെട്ടികൊലപ്പെടുത്തി.

പ്രതികള്‍ പിടിക്കപ്പെട്ടപ്പോള്‍ പ്രതികള്‍ക്കെതിരെയുള്ള പ്രധാന സാക്ഷികളെ (അസ്‌ലമിന്റെ ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അടക്കം) തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുക്കുന്നതില്‍ നിന്നും മറ്റു സാക്ഷിമൊഴികള്‍ നല്‍കുന്നതില്‍ നിന്നും ലീഗ് നേതൃത്വം തന്നെ പിന്തിരിപ്പിക്കുന്നു. അങ്ങിനെ കോടതിക്ക് മുന്നിലെത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട തെളിവുകള്‍ നല്‍കാതെ കേസ് പ്രതികള്‍ക്കനുകൂലമായി അട്ടിമറിക്കാന്‍ മുസ്‌ലിം ലീഗ് സാഹചര്യം ഒരുക്കിയതായും എസ്ഡിപിഐ ആരോപിച്ചു. ഈ കേസ് മാറാട് അതിവേഗ കോടതിയിലായിട്ട് പോലും വൈകുന്നതില്‍ അസ് ലമിന്റെ പാര്‍ട്ടിക്ക് ഇല്ലെന്നും എസ്ഡിപിഐ കുറ്റപ്പെടുത്തി.

അസ്‌ലം വധക്കേസ് കൃത്യതയോടെ പഴുതുകളില്ലാതെ നടത്തി പ്രതികള്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. തൂണേരി വെള്ളൂര്‍ അക്രമണക്കേസുകളില്‍ പലതും ഇതിനകം സിപിഎമ്മിന് മുമ്പില്‍ അടിയറ വെച്ചു. അസ്‌ലം വധക്കേസടക്കം ബാക്കിയുള്ള കേസുകളെങ്കിലും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പു വരുത്താനുള്ള നടപടികള്‍ ലീഗ് സ്വീകരിക്കണം. അസ്‌ലം വധിക്കപ്പെടുന്നതിനു ആഴ്ചകള്‍ക്കു മുമ്പ് തന്നെ സിപിഎം പ്രാദേശിക നേതാക്കള്‍ പൊതുയോഗങ്ങളിലും പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലും വധ ഭീഷണിയുമായി രംഗത്ത് വന്നത് സംഭവത്തിലെ ഗൂഡാലോചന വ്യക്തമാക്കുന്നതാണ്. എന്നിട്ടും സിപിഎം നേതാക്കള്‍ക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തി കേസെടുപ്പിക്കാന്‍ ലീഗ് നേതൃത്വം രംഗത്തു വന്നില്ല.

ലീഗിന്റെ ഈ കീഴടങ്ങല്‍ തന്ത്രം നാദാപുരത്ത് സിപിഎം അക്രമണങ്ങള്‍ക്കു വളമാവുകയാണ്. ഇത് തുടര്‍ന്നാല്‍ നാദാപുരത്തെ അശാന്തി അവസാനിക്കില്ല. കുറ്റവാളികളെ പരസ്പരം സംരക്ഷിക്കുന്ന സിപിഎമ്മിന്റെയും ലീഗിന്റെയും കപട രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ പ്രദേശത്തെ ജനങ്ങള്‍ തയാറാകണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് ബഷീര്‍ ചീക്കോന്ന് അധ്യക്ഷത വഹിച്ചു. അഡ്വ. ഇ കെ മുഹമ്മദലി, അയൂബ് നീര്‍ച്ചലോത്ത്, സുബൈര്‍ സികെ, കെ പി കുഞ്ഞമ്മദ് മാസ്റ്റര്‍, നാസര്‍ മാസ്റ്റര്‍ പേരോട് സംസാരിച്ചു. 

Tags:    

Similar News