പൊന്നാനിയില്‍ കടലാക്രമണം രൂക്ഷം; 20 ഓളം വീടുകളില്‍ വെള്ളം കയറി

കണ്ണൂരിലും രൂക്ഷമായ കടലാക്രമണമുണ്ടായി. കണ്ണൂര്‍ തയ്യില്‍ തീരദേശത്തുള്ളവരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണ്.

Update: 2019-10-31 08:35 GMT

മലപ്പുറം: 'മഹാ' ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മലപ്പുറം പൊന്നാനിയില്‍ കടലാക്രമണം രൂക്ഷമായി. ഇരുപതോളം വീടുകളില്‍ വെള്ളം കയറി. ഇവരെ ക്യാംപിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. കണ്ണൂരിലും രൂക്ഷമായ കടലാക്രമണമുണ്ടായി. കണ്ണൂര്‍ തയ്യില്‍ തീരദേശത്തുള്ളവരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണ്. എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമായിരിക്കുകയാണ്. ഇതിനോടകം മുന്നൂറിലധികം കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. നായരമ്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. താന്തോന്നി തുരുത്തിലും വെള്ളം കയറി. ഇവിടെനിന്നും 62 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്.

കടല്‍ക്ഷോഭത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ പതിനഞ്ചിലേറെ മത്സ്യബന്ധന ബോട്ടുകളും തകര്‍ന്നു. തൃശൂരില്‍നിന്ന് മല്‍സ്യബന്ധനത്തിനുപോയ ബോട്ട് അപകടത്തില്‍പ്പെട്ട് ഒരാളെ കാണാതായിരുന്നു. തൃശൂര്‍ മുനയ്ക്കല്‍ തീരത്തുനിന്ന് പോയ സാമുവല്‍ എന്ന ബോട്ടാണ് കടലില്‍ മറിഞ്ഞത്. ഫോര്‍ട്ട് കൊച്ചി തീര്‍ത്തുവച്ചായിരുന്നു അപകടം. ഈ ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ച് കരക്കെത്തിച്ചിരുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുകയാണ്. 

Tags:    

Similar News