നിര്‍മല്‍ മാധവ് സമരം: എസ്എഫ്‌ഐ പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു

അക്രമികളെ പിന്തിരിപ്പിക്കാന്‍ അന്ന് ഡിവൈഎസ്പിയായിരുന്ന രാധാകൃഷ്ണ പിള്ള പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തത് ഏറെ വിവാദമായിരുന്നു

Update: 2019-07-11 09:00 GMT

കോഴിക്കോട്: വിവാദമായ നിര്‍മല്‍ മാധവ് സമരവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളായിരുന്ന എ എന്‍ ശംസീര്‍ എംഎല്‍എ, വി വസീഫ്, എം എം ജിജേഷ്, കെ കെ ഗോപന്‍, ടി വൈശാഖ്, കെ ഷിബിന്‍, കെ രജീഷ്, മനേഷ് കുമാര്‍, അഖില്‍, ശരത് കൃഷ്ണ, എം എം മിഥുന്‍ എന്നിവരെയാണ് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി(അഞ്ച്) വെറുതെ വിട്ടത്. 2011ലാണു കേസിനാസ്പദമായ സംഭവം. വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളജില്‍ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് അനധികൃതമായി പ്രവേശനം നല്‍കിയെന്ന് ആരോപിച്ച് എസ്എഫ്‌ഐ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. അക്രമികളെ പിന്തിരിപ്പിക്കാന്‍ അന്ന് ഡിവൈഎസ്പിയായിരുന്ന രാധാകൃഷ്ണ പിള്ള പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തത് ഏറെ വിവാദമായിരുന്നു. പ്രതികള്‍ക്കെതിരേ പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരുന്നത്. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ദീപു ഹാജരായി.

Tags:    

Similar News