ജയ്പൂര്‍ സ്‌ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു

Update: 2023-03-29 12:31 GMT

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ 71 പേര്‍ കൊല്ലപ്പെടുകയും 180 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടന പരമ്പര കേസിലെ എല്ലാ പ്രതികളെയും രാജസ്ഥാന്‍ ഹൈക്കോടതി വെറുതെവിട്ടു. വിചാരണക്കോടതി വധശിക്ഷ വിധിച്ച കേസിലാണ് കുറ്റാരോപിതരെയെല്ലാം ഹൈക്കോടതി വെറുതെവിട്ടത്. ജസ്റ്റിസുമാരായ പങ്കജ് ഭണ്ഡാരി, സമീര്‍ ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2008 മെയ് 13നാണ് ജയ്പൂരിനെ നടുക്കിയ സ്‌ഫോടന പരമ്പര അരങ്ങേറിയത്. മനക് ചൗക്ക് ഖണ്ഡ, ചന്ദ്‌പോള്‍ ഗേറ്റ്, ബാഡി ചൗപദ്, ഛോട്ടി ചൗപദ്, ട്രിപ്പോളിയ ഗേറ്റ്, ജോഹ്‌രി ബസാര്‍, സംഗനേരി ഗേറ്റ് എന്നിവിടങ്ങളില്‍ ഒന്നിന് പുറകെ ഒന്നായാണ് ബോംബ് സ്‌ഫോടനങ്ങളുണ്ടായത്. സ്‌ഫോടനങ്ങളില്‍ 71 പേര്‍ കൊല്ലപ്പെടുകയും 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ രാമചന്ദ്ര ക്ഷേത്രത്തിന് സമീപത്തു നിന്ന് ഒരു ബോംബ് കണ്ടെടുക്കുകയും ചെയ്തിരുന്നു.

    കേസില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെന്ന് ആരോപിച്ച് പിടികൂടിയ അഞ്ചുപേരില്‍ നാലുപേര്‍ക്കും 2019 ഡിസംബര്‍ 21ന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് സെയ്ഫ്, മുഹമ്മദ് സര്‍വര്‍ ആസ്മി, സയ്ഫുര്‍ റഹ്മാന്‍, മുഹമ്മദ് സല്‍മാന്‍ എന്നിവരെയാണ് കുറ്റക്കാരാണെന്ന് പറഞ്ഞ് പ്രത്യേക കോടതി ജഡ്ജി അജയ്കുമാര്‍ ശര്‍മ്മ ശിക്ഷ വിധിച്ചത്. ഷഹബാസ് ഹസന്‍ എന്നയാളെ വിചാരണ കോടതി തന്നെ വെറുതെവിട്ടിരുന്നു.

Tags:    

Similar News