പെഹ്‌ലുഖാനെ തല്ലിക്കൊന്ന കേസ്: വെറുതെ വിട്ട ആറു പ്രതികള്‍ക്ക് ഹൈക്കോടതിയുടെ വാറന്റ്
മകന്‍ ഇര്‍ഷാദ് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
ന്യൂഡല്‍ഹി: 2017ല്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം പെഹ്‌ലു ഖാന്‍ എന്ന മുസ്‌ലിം മധ്യവസ്‌കനെ തല്ലിക്കൊന്ന കേസില്‍ ആല്‍വാറിലെ വിചാരണ കോടതി കുറ്റവിമുക്തരാക്കിയ ആറ് പേര്‍ക്കെതിരെ രാജസ്ഥാന്‍ ഹൈക്കോടതി വാറന്റ് പുറപ്പെടുവിച്ചു. മകന്‍ ഇര്‍ഷാദ് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
ഖാനെ കൊലപ്പെടുത്തിയതില്‍ പ്രതികളുടെ പങ്ക് തെളിയിക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 2019 ആഗസ്ത് 14ന് വിചാരണ കോടതി പ്രതികളെ കുറ്റവുമുക്തരാക്കിയിരുന്നു. അന്വേഷണത്തില്‍ ഗുരുതര പോരായ്മകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് വിപിന്‍ യാദവ്, കാലു റാം, ദയാനന്ദ്, രവീന്ദ്ര കുമാര്‍, യോഗേഷ് കുമാര്‍, ഭീം രതി എന്നിവരെ വെറുതെവിടുകയായിരുന്നു.
അന്വേഷണത്തിനിടെ പ്രതികളുടെ പേര് പറഞ്ഞ ദൃക്‌സാക്ഷിയുടെ മൊഴി തള്ളിയതില്‍ വിചാരണ കോടതിക്ക് തെറ്റുപറ്റിയതായി മകന്‍ നല്‍കിയ അപ്പീലില്‍ വാദിക്കുന്നു. ഇര്‍ഷാദിന്റെ ഹര്‍ജിക്കുപുറമേ, വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലും നല്‍കിയിരുന്നു. ഈ രണ്ട് അപ്പീലുകളും ഒരുമിച്ചാണ് കോടതി പരിഗണിച്ച്ത.
ജസ്റ്റിസുമാരായ ഗോവര്‍ദ്ധന്‍ ബര്‍ധര്‍, വിജയ് ബിഷ്‌നോയ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം ലഭിക്കാവുന്ന വാറന്റ് പുറപ്പെടുവിച്ചത്.ഹരിയാനയിലെ ക്ഷീരകര്‍ഷകനായ പെഹ്ലു ഖാനെ (55) 2017 ഏപ്രില്‍ 1നാണ് പശുക്കളെ കടത്തിയെന്ന് ആരോപിച്ച് ജയ്പൂര്‍-ഡല്‍ഹി ദേശീയപാതയില്‍ ഗോരക്ഷാ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.കാമറയില്‍ കുടുങ്ങിയ ക്രൂരമായ പ്രവൃത്തി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പശു സംരക്ഷണത്തിന്റെ പേരില്‍ ഹിന്ദുത്വര്‍ സാധാരണ മുസ്‌ലിംകളെ ആക്രമിക്കുന്നതിന്റെ പരിച്ഛേദമായി ഇതുമാറിയിരുന്നു. കുറ്റവിമുക്തരാക്കപ്പെട്ട ആറുപേര്‍ക്ക് പുറമേ, ആക്രമണസമയത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്രതികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് 2020 മാര്‍ച്ചില്‍ ശിക്ഷിക്കുകയും മൂന്ന് വര്‍ഷത്തേക്ക് ജുവൈനല്‍ ഹോമിലേക്ക് അയക്കുകയും ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്. പശുക്കളെ കടത്തിയതിന് ഇരയായ കാനെതിരെ പോലിസ് കേസെടുത്തിരുന്നു, എന്നാല്‍ ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നു.