സച്ചിന്‍ പൈലറ്റിനും വിമത എംഎല്‍എമാര്‍ക്കുമെതിരേ വെള്ളിയാഴ്ചവരെ നടപടി എടുക്കരുത്: സ്പീക്കറോട് രാജസ്ഥാന്‍ ഹൈക്കോടതി

സച്ചിന്‍ പൈലറ്റുള്‍പ്പെടെയുള്ള വിമതര്‍ക്കെതിരേ അയോഗ്യരാക്കാതിരിക്കാനുള്ള കാരണം ആവശ്യപ്പെട്ട് സ്പീക്കര്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നടപടിക്കെതിരെ പൈലറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ച കോടതി വിധി പറയും. അതുവരെ നടപടികളൊന്നും സ്വീകരിക്കരുതെന്നാണ് കോടതി നിര്‍ദേശം.

Update: 2020-07-21 11:05 GMT

ന്യൂഡല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റുള്‍പ്പെടെയുള്ള വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് വരുന്ന വെള്ളിയാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. സച്ചിന്‍ പൈലറ്റുള്‍പ്പെടെയുള്ള വിമതര്‍ക്കെതിരേ അയോഗ്യരാക്കാതിരിക്കാനുള്ള കാരണം ആവശ്യപ്പെട്ട് സ്പീക്കര്‍ നോട്ടീസ് നല്‍കിയിരുന്നു.

ഈ നടപടിക്കെതിരെ പൈലറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ച കോടതി വിധി പറയും. അതുവരെ നടപടികളൊന്നും സ്വീകരിക്കരുതെന്നാണ് കോടതി നിര്‍ദേശം.

സച്ചിന്‍ പൈലറ്റിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകിള്‍ റോത്തഗിയാണ് കോടതിയില്‍ ഹാജരായത്. മഹാമാരി പടര്‍ന്നിരിക്കെ അനാവശ്യ തിടുക്കമാണ് സ്പീക്കര്‍ കാട്ടിയതെന്നും മൂന്നു ദിവസം മാത്രമാണ് ഇവര്‍ക്ക് മറുപടി നല്‍കാനുള്ള സമയം കൊടുത്തതെന്നും റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, വിമതര്‍ക്ക് കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്നാണ് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി വാദിച്ചു. സ്പീക്കറുടെ തീരുമാനത്തിനെതിരേ ഇവര്‍ക്ക് കോടതിയെ സമീപിക്കാം. എന്നാല്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നതിന് മുമ്പുതന്നെ അതിനെതിരേ കോടതിയെ സമീപിക്കാന്‍ സാധിക്കില്ലെന്ന് സിങ്‌വി ചൂണ്ടിക്കാട്ടി.

അതേസമയം, രാജസ്ഥാന്‍ സര്‍ക്കാര്‍സിബിഐയ്ക്ക് സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് അന്വേഷണമോ പരിശോധനകളോ നടത്താന്‍ സിബിഐക്ക് സാധിക്കില്ലെന്ന് സംസ്ഥാന ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. 30 വര്‍ഷം പഴക്കമുള്ള നിയമത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തിയാണ് അശോക് ഗെഹലോട്ട് സര്‍ക്കാറിന്റെ പുതിയ ഉത്തരവ്.

ഗെഹലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തും ബിജെപി നേതാവ് സഞ്ജയ് ജെയിനും ചേര്‍ന്ന് വിമത എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്തതിന്റെ ഫോണ്‍സംഭാഷണം പുറത്തുവന്നത് വിവാദമായിരുന്നു. ഈ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം സിബിഐക്ക് അന്വേഷണത്തിന് അനുമതി നല്‍കിയത്.

മുഖ്യമന്ത്രി ഗെഹലോട്ടിന്റെ ഒഎസ്ഡി ദേവറാം സേനിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. പൊലീസ് ഓഫീസര്‍ വിഷ്ണുദത്ത് വിഷ്‌ണോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. എന്നാല്‍ രാഷ്ട്രീയപ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ ഒഎസ്ഡിയെ ചോദ്യം ചെയ്യുന്നത് മറ്റുലക്ഷ്യങ്ങളോടെയാണെന്നാണ് ഗെഹലോട്ട് പക്ഷം ആരോപിക്കുന്നത്.

Tags:    

Similar News