ശശി തരൂരിന്റേയും ഡികെ ശിവകുമാറിന്റേയും ഫേസ്ബുക്ക് കുറിപ്പ് ബിജെപി ആശയത്തിനുളള പിന്തുണ; മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഫേസ്ബുക്ക് കുറിപ്പ് എഴുതിയതിനെ വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഫേസ്ബുക്ക് കുറിപ്പും കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെയും ഫേസ്ബുക്ക് കുറിപ്പിനെ വിമര്‍ശിച്ചുകൊണ്ടാണ് മന്ത്രിയുടെ വിമര്‍ശനം. ശശി തരൂരിന്റേയും ഡി കെ ശിവകുമാറിന്റേയും ഫേസ്ബുക്ക് കുറിപ്പ് ബിജെപി ആശയത്തിനുള്ള പിന്തുണയാണ്. ഭരണത്തെ മതവുമായി കൂട്ടിചേര്‍ക്കാന്‍ നോക്കുന്നു എന്നതാണ് പ്രശ്‌നം. ഈ രാഷ്ട്രീയത്തോടുള്ള ഐക്യപ്പെടലാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ പിന്തുണയെന്നും പി എ മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.
മുസ്ലിം ലീഗ് ഈ വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ ഇപ്പോള്‍ യുഡിഎഫ് ആയിരുന്നു ഭരിച്ചിരുന്നതെങ്കിലും ഒരാഴ്ച ലീവ് കൊടുത്തേനെ എന്നും മന്ത്രി വിമര്‍ശിച്ചു. ബാബരി മസ്ജിദ് കേവലം ഒരു മുസ്ലിം മതാരാധനാ കേന്ദ്രം മാത്രം ആയിരുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ബിജെപി ആര്‍എസ്എസ് അനുഭാവം കാണിക്കുന്നുണ്ട്. മതരാഷ്ട്രീയ വാദത്തിന് എതിരായ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അയോധ്യയില്‍ പ്രതിഷ്ഠിച്ച രാം ലല്ലയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് രാമചന്ദ്ര കീ ജയ് എന്ന് ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കോണ്‍ഗ്രസിന്റെ അഞ്ച് വാഗ്ദാനങ്ങള്‍ നടപ്പിലായി രാമന്റെ ആദര്‍ശത്തിനും ഹനുമാന്റെ വിശ്വാസത്തിനും ഒരേ അര്‍ത്ഥമാണുളളത്. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് തന്റെ എല്ലാ വിധ ആശംസകളെന്നുമായിരുന്നു ഡി കെ ശിവകുമാറിന്റെ കുറിപ്പ്.