റമീസിന്‍റെ മൊഴികൾ നിർണായകം; ശിവശങ്കറിനെ വീണ്ടും എൻഐഎ ചോദ്യം ചെയ്‌തേക്കും

സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാകും അടുത്ത ചോദ്യം ചെയ്യലെന്നാണ് സൂചന.

Update: 2020-07-30 08:45 GMT

തിരുവനന്തപുരം: ശിവശങ്കറിനെ 20 മണിക്കൂറിലേറെ എൻഐഎ ചോദ്യം ചെയ്‌തെങ്കിലും വീണ്ടും ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് എന്‍ഐഎ. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാകും അടുത്ത ചോദ്യം ചെയ്യലെന്നാണ് സൂചന. സ്വപ്‌നയുമൊത്ത് ശിവശങ്കര്‍ നടത്തിയ ബാംഗ്ലൂര്‍ യാത്രകളുടെ വിശദാംശങ്ങളും എന്‍എഐ പരിശോധിച്ചു തുടങ്ങി. കേസില്‍ ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള റമീസിന്‍റെ മൊഴികള്‍ ശിവശങ്കറിന് നിര്‍ണായകമാകും. ശിവശങ്കറുമായി റമീസിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണ് എന്‍ഐഎ പരിശോധിക്കുന്നത്. ദേശസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ റമീസിനുണ്ടാകാം എന്ന വിലയിരുത്തലിലാണ് എന്‍ഐഎ. ചൊവ്വാഴ്‌ച റമീസിനെ കസ്റ്റഡിയില്‍ വാങ്ങി കൊച്ചി ഓഫീസിലെത്തിക്കുമ്പോള്‍ അവിടെ ശിവശങ്കറിനെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയായിരുന്നു. എങ്കിലും ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാന്‍ എന്‍ഐഎ തയ്യാറായില്ല. റമീസിനെ ഒറ്റയ്ക്കിരുത്തിയ ശേഷം ശിവശങ്കറിനോടുള്ള ചോദ്യങ്ങള്‍ എന്‍ഐഎ ആവര്‍ത്തിച്ചതായാണ് സൂചന. സ്വപ്‌നയും സരിത്തുമായി അടുത്ത ബന്ധമുണ്ടെങ്കിലും റമീസിനെ അറിയില്ലെന്ന മറുപടിയാണ് രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ നല്‍കിയത്. എന്നാല്‍ സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജ് കസ്റ്റംസ് പിടിച്ചെടുത്ത ദിവസം റമീസ് തിരുവനന്തപുരത്തുണ്ടായിരുന്നതിന് എന്‍ഐഎയുടെ പക്കൽ തെളിവുകളുണ്ട്. ശിവശങ്കറും റമീസും തമ്മില്‍ അന്നേ ദിവസം ഏതെങ്കിലും തരത്തില്‍ സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് ശിവശങ്കറിന് കുരുക്കായി മാറും.സ്‌പേസ് പാര്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് സ്വപ്‌നയും ശിവശങ്കറും ബാംഗൂരിലേക്ക് യാത്ര നടത്തിയത്. ഈ യാത്രയില്‍ ബാംഗ്ലൂര്‍ ബഹിരാകാശ കേന്ദ്രത്തിലെ ചില ശാസ്ത്രജ്ഞരുമായി ഇരുവരും ചര്‍ച്ച നടത്തിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

Tags:    

Similar News