ശിവരഞ്ജിത്തും നസീമും എംഎയ്ക്ക് ആദ്യ സെമസ്റ്റര്‍ പോലും കരകയറിയില്ല; രേഖകള്‍ പുറത്ത്
ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പോലിസ് കണ്ടെടുത്ത ഉത്തരക്കടലാസില്‍ പ്രണയലേഖനവും സിനിമാപ്പാട്ടും കണ്ടെത്തിയതോടെയാണ് പോലിസ് റാങ്ക് ലിസ്റ്റില്‍ ഇവര്‍ ഇടം പിടിച്ചതിനെ കുറിച്ചുള്ള സംശയം വര്‍ധിച്ചത്
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ സഹപ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളും എസ്എഫ്‌ഐ നേതാക്കളുമായ ശിവരഞ്ജിത്തും നസീമും പിഎസ് സി പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയതിനു പിന്നില്‍ ക്രമക്കേടെന്ന സംശയം ബലപ്പെടുന്നു. എംഎയ്ക്ക് ആദ്യ സെമസ്റ്റര്‍ പോലും കരകയറാത്ത ഇരുവരുമാണ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്. കേസിലെ ഒന്നാംപ്രതി ശിവരഞ്ചിത്ത് എംഎയ്ക്ക് 2018ലാണ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയത്. നാലു പേപ്പറുകള്‍ക്കും പരാജയപ്പെട്ട ശിവരഞ്ചിത്ത് 2019ല്‍ വീണ്ടും ഈ പരീക്ഷകളെഴുതി. എന്നാല്‍ ഇക്കുറി നില മെച്ചമാക്കിയെങ്കിലും പാസാവാനായില്ല. ആദ്യത്തെ തവണ ക്ലാസിക്കല്‍ ഇന്ത്യന്‍ ഫിലോസഫി പേപ്പറിന് കേവലം നാലുമാര്‍ക്ക് മാത്രമാണ് ഇയാള്‍ക്ക് നേടാനായത്. എന്നാല്‍ രണ്ടാം തവണ 12 മാര്‍ക്ക് വാങ്ങി. ഇതേത്തുടര്‍ന്നാണ് വളഞ്ഞ വഴിയിലൂടെ പരീക്ഷ കടമ്പ മറികടക്കാന്‍ സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ ശേഖരിച്ചതെന്നാണ് നിഗമനം.
നസീമിന്റെ പരീക്ഷാഫലവും ഏതാണ്ട് ഇതിനു സമാനമാണ്. എന്നാല്‍ ചില വിഷയങ്ങളില്‍ അമ്പത് ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നസീം നേടിയിട്ടുണ്ട്. പക്ഷേ എല്ലാ വിഷയങ്ങളിലും വിജയിക്കാനാവാത്തതിനാല്‍ സെമസ്റ്റര്‍ വിജയിക്കാനായില്ല. സര്‍വകലാശാല പരീക്ഷയില്‍ രണ്ട് തവണ തോറ്റ വിദ്യാര്‍ത്ഥികള്‍ പിഎസ്‌സി പരീക്ഷയില്‍ ഒന്നാം സ്ഥാനമുള്‍പ്പടെ കരസ്ഥമാക്കിയത് സംശയത്തിന് ഇടനല്‍കുന്നതാണെന്ന ആക്ഷേപം ശക്തമാണ്. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പോലിസ് കണ്ടെടുത്ത ഉത്തരക്കടലാസില്‍ പ്രണയലേഖനവും സിനിമാപ്പാട്ടും കണ്ടെത്തിയതോടെയാണ് പോലിസ് റാങ്ക് ലിസ്റ്റില്‍ ഇവര്‍ ഇടം പിടിച്ചതിനെ കുറിച്ചുള്ള സംശയം വര്‍ധിച്ചത്. അക്കാദമിക് വിഷയങ്ങളില്‍ ശിവരഞ്ജിത്ത് എത്രമാത്രം പിന്നാക്കമാണെന്നതിന് തെളിവാണ് സിനിമാപ്പാട്ടുകളും പ്രണയലേഖനവും എഴുതിയ ഉത്തരക്കടലാസുകള്‍. ക്രിമിനല്‍ കേസിലുള്‍പ്പെട്ടതിനാല്‍ ശിവരഞ്ജിത്തിനെയും നസീമിനെയും അയോഗ്യരാക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണങ്ങളലേക്ക് പോവാതെ വിവാദങ്ങള്‍ക്ക് വിരാമമിടാനാണ് സര്‍ക്കാര്‍ നീക്കമെന്നും സംശയമുണ്ട്.