ലോക്ക്ഡൗണ്‍ സമയത്ത് ഹാജരായില്ല; ആരോഗ്യവകുപ്പിലെ ഇരുന്നൂറോളം ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
2020 മാര്‍ച്ച് മുതലുള്ള ഹാജര്‍ പുസ്തകങ്ങള്‍ പരിശോധിച്ചതില്‍ ഭൂരിഭാഗം സെക്ഷനുകളിലും സെക്ഷന്‍ സൂപ്രണ്ട്, സെക്ഷന്‍ ഹെഡ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ നിരവധി പ്രവൃത്തി ദിവസങ്ങളില്‍ ജോലിയില്‍നിന്നു വിട്ടുനില്‍ക്കുന്നതായി കണ്ടെത്തിയെന്ന് നോട്ടീസില്‍ പറയുന്നു.
തിരുവനന്തപുരം : കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഓഫീസില്‍ ഹാജരായില്ലെന്നു ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ(ഡി.എച്ച്.എസ്) ഓഫീസിലെ ഇരുന്നൂറിലധികം ജീവനക്കാര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ്. കൊവിഡ് വ്യാപനം തടയാനായി അത്യാവശ്യ ജീവനക്കാര്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതിയെന്ന സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച ജീവനക്കാര്‍ക്കാണു ആരോഗ്യ വകുപ്പ് ഡയറക്ടറുടെ മെമ്മോ ലഭിച്ചത്. ഇതിനെതിരേ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കു ജീവനക്കാര്‍ പരാതി നല്‍കി.
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണു കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്കു മെമ്മോ നല്‍കിയത്. 2020 മാര്‍ച്ച് മുതലുള്ള ഹാജര്‍ പുസ്തകങ്ങള്‍ പരിശോധിച്ചതില്‍ ഭൂരിഭാഗം സെക്ഷനുകളിലും സെക്ഷന്‍ സൂപ്രണ്ട്, സെക്ഷന്‍ ഹെഡ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ നിരവധി പ്രവൃത്തി ദിവസങ്ങളില്‍ ജോലിയില്‍നിന്നു വിട്ടുനില്‍ക്കുന്നതായി കണ്ടെത്തിയെന്ന് നോട്ടീസില്‍ പറയുന്നു.
അനുമതിയില്ലാതെ ജോലിക്കു ഹാജരാകാതിരിക്കുന്നത് കടുത്ത അച്ചടക്കലംഘനവും ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണെന്നും ജോലിക്ക് വരാതിരുന്നതിനു വിശദീകരണം നല്‍കണമെന്നും നിര്‍ദേശമുണ്ട്. വിശദീകരണം നല്‍കാത്തപക്ഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും നോട്ടീസില്‍ പറയുന്നു