സില്‍വര്‍ ലൈന്റെ പേരില്‍ രണ്ടാം വിമോചന സമരത്തിന് കോപ്പുകൂട്ടുന്നു; രൂക്ഷവിമര്‍ശനവുമായി കോടിയേരി
തിരുവനന്തപുരം: ചങ്ങനാശ്ശേരി കേന്ദ്രമാക്കി സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ പേരില്‍ രണ്ടാം വിമോചന സമരത്തിന് കോപ്പുകൂട്ടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചങ്ങനാശ്ശേരി കേന്ദ്രമാക്കി സമരത്തിനുള്ള ആലോചന നടക്കുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍, മതമേലധ്യക്ഷന്‍, സമുദായ നേതാവ് എന്നിവര്‍ സില്‍വര്‍ ലൈന്‍ സമര കേന്ദ്രത്തിലെത്തി. 1957-59 കാലമല്ല ഇത്. ആലോചിച്ചിട്ട് വേണം ഇതൊക്കെ ചെയ്യാനെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല വിമാനത്താവളത്തെ എതിര്‍ത്തവരാണ് ഇപ്പോള്‍ എയര്‍ കേരള എന്ന് പറഞ്ഞ് വരുന്നത്.
സ്ത്രീകള്‍ക്കെതിരായി അതിക്രമം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, പരമാവധി സ്ത്രീകളെ സമരരംഗത്തിറക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതൊഴിവാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണം. സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെയുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്ന പോലിസിനെ കോടിയേരി ന്യായീകരിച്ചു. പോലിസിന്റെ പ്രവൃത്തിയെ സ്തുതിക്കുകയാണ് വേണ്ടതെന്നായിരുന്നു കോടിയേരിയുടെ നിലപാട്. കോണ്‍ഗ്രസിന്റെ കല്ല് പിഴുതെടുക്കല്‍ സമരം പരിഹാസ്യമാണ്. കോണ്‍ഗ്രസിന് കല്ല് ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ എത്തിച്ച് നല്‍കാം. ഭൂമി നഷ്ടപ്പെടുന്നവരുടേതല്ല, മറിച്ച് രാഷ്ട്രീയ സമരമാണിത്. മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി വിലയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ആളുകളെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാനാണോ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി ചോദിച്ചു.