സിൽവർലൈൻ: ഭൂമി ഏറ്റെടുക്കൽ ഉത്തരവ് റെയിൽവേ ബോർഡിന്റെ അന്തിമാനുമതിക്കു ശേഷം മാത്രമെന്ന് കെ റെയിൽ
സാമൂഹിക ആഘാത പഠനം നടത്തുന്നതിന് മുന്നോടിയായി പദ്ധതിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തുകയും അതിന് അതിരടയാളം സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനു വേണ്ടിയാണ് സർവേ അതിരടയാള നിയമത്തിലെ ആറ് (ഒന്ന്) വകുപ്പു പ്രകാരം സംസ്ഥാന റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
തിരുവനന്തപുരം: റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കിട്ടിയ ശേഷം മാത്രമേ സിൽവർലൈൻ അർധ അതിവേഗ റെയിൽവേ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാർ ഉത്തരവിറക്കുകയുള്ളൂവെന്ന് കെ റെയിൽ ഡവലപ്പ്മെന്റ് കോർപറേഷൻ. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന ഗതാഗത വകുപ്പും സംസ്ഥാന റവന്യൂ വകുപ്പും നേരത്തെ തന്നെ വെവ്വേറെ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമ പ്രകാരമുള്ള സാമൂഹിക ആഘാതങ്ങൾ പഠിക്കാനും പദ്ധതിയുടെ ആവശ്യം നിർണയിക്കാനുമുള്ള പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഈ നിയമത്തിലെ നാല് (ഒന്ന്) വകുപ്പു പ്രകാരമാണ് സംസ്ഥാന റവന്യൂ വകുപ്പ് ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനത്തിനുള്ള തയാറെടുപ്പു നടത്തുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ ഈ വകുപ്പിൽ വ്യക്തമാക്കുന്നു.
സർക്കാർ ഒരു പൊതു ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചാൽ പദ്ധതി ബാധിക്കുന്ന പ്രദേശങ്ങളിൽ സാമൂഹിക ആഘാത പഠനം നടത്തേണ്ടതുണ്ട്. ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിക്കും. ആ പഠനമാണ് ഇപ്പോൾ നടത്തുന്നത്.
സാമൂഹിക ആഘാത പഠനം നടത്തുന്നതിന് മുന്നോടിയായി പദ്ധതിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തുകയും അതിന് അതിരടയാളം സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനു വേണ്ടിയാണ് സർവേ അതിരടയാള നിയമത്തിലെ ആറ് (ഒന്ന്) വകുപ്പു പ്രകാരം സംസ്ഥാന റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭൂമി ഏറ്റെടുക്കൽ വിഭാഗം സ്‌പെഷൽ തഹസിൽദാർമാരുടെ ഓഫീസുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഈ അതിരടയാള കല്ലിടൽ പ്രവൃത്തി നടക്കുന്നത്. ഈ ഘട്ടത്തിൽ ആരുടേയും ഭൂമിയോ സ്വത്തോ കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ കൈവശപ്പെടുത്തുന്നില്ല. സാമുഹിക ആഘാത പഠനം നടത്തുന്നതിനായി പദ്ധതിയുടെ അലൈൻമെന്റിന്റെ അതിര് അടയാളപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.
തുടർന്ന് സാമൂഹിക പ്രത്യാഘാതം വിലയിരുത്തുന്നതിനായി ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിന് പബ്ലിക് ഹിയറിങ് ഏർപ്പെടുത്തുകയും പഠന റിപോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്യും. വിദഗ്ധ സംഘം ഈ റിപോർട്ട് വിലയിരിത്തും. രണ്ട് അനൗദ്യോഗിക സാമൂഹിക ശാസ്ത്രജ്ഞർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, പുനരധിവാസ വിദഗ്ധർ, പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ ഈ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.
ഈ റിപോർട്ടുകൾ പരിശോധിച്ച്, ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായി ഭമി ഏറ്റെടുക്കൽ നിമയത്തിലെ എട്ട് (രണ്ട്) വകപ്പു പ്രകാരം ഉത്തരവിറക്കുന്നതാണ് അടുത്ത നടപടി. പദ്ധതിയ്ക്ക് കേന്ദ്ര റെയിൽവേ ബോഡിന്റെ അംഗീകാരം കിട്ടിയ ശേഷം മാത്രമേ, സംസ്ഥാന സർക്കാർ ഇതു സംബന്ധിച്ച നടപടിക്രമങ്ങളിലേക്ക് പ്രവേശിക്കുകയുള്ളുവെന്ന് സംസ്ഥാന ഗതാഗതവകുപ്പും റവന്യൂ വകുപ്പും വെവ്വേറെ ഉത്തരവുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക പ്രത്യാഘാതം ഏറ്റവും കുറഞ്ഞ തോതിലാണെന്ന് ഉറപ്പു വരുത്തണമെന്നും പ്രസ്തുത വകുപ്പിൽ വ്യക്തമാക്കുന്നുണ്ടെന്ന് പ്രസ്താവനയിൽ പറഞ്ഞു.