വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ ആറുപേര്‍ പിടിയില്‍

സംഭവവുമായി ബന്ധപ്പെട്ട് നാല് ബൈക്കുകളും മൂന്ന് ബൈക്കുകളുടെ ഉടമകളും പൊലീസ് കസ്റ്റഡിയിലായി.

Update: 2020-08-31 13:15 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ ആറുപേര്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് നാല് ബൈക്കുകളും മൂന്ന് ബൈക്കുകളുടെ ഉടമകളും പൊലീസ് കസ്റ്റഡിയിലായി. എന്നാല്‍ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സജീവിനെ പിടികൂടാനായില്ല. രണ്ടു മാസം മുന്‍പ് വെഞ്ഞാറമൂടിനു സമീപം തേമ്പാമ്മൂട്ടില്‍ ഡി.വൈ.എഫ്.ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഫൈസലിന് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസിലെ പ്രധാന പ്രതികളിലൊരാളായ ഷിജിതിനെ ഇന്ന് രാവിലെ പൊലീസ് വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് അറിയിച്ചു. വെട്ടേറ്റു മരിച്ച മിഥിലാജ് (30) ഡി.വൈ.എഫ്.ഐ തേവലക്കാട് യൂണിറ്റ് അംഗവും ഹഖ് മുഹമ്മദ് ഡി.വൈ.എഫ്.ഐ കലിംഗുമുഖം യൂണിറ്റ് പ്രസിഡന്റ് സി.പി.എം കലിംഗുമുഖം ബ്രാഞ്ച് അംഗവുമാണ്.

ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെ തേമ്പാമ്മൂട്ടിലെത്തിയ ഇരുവരെയും സജീവിന്റെ നേതൃത്വത്തിലെത്തിയ സംഘം വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. അക്രമി സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട സുഹൃത്താണ് കൊലപാതകം നടത്തിയത് സജിവിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പൊലീസിന് മൊഴി നല്‍കിയത്. സജീവും പൊലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ഷിജിതും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും രാത്രി ഇവിടെയുണ്ടെന്നറിഞ്ഞാണ് അക്രമി സംഘം വടിവാളുമായി സംഭവ സ്ഥലത്തെത്തിയതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിനുള്ള തയ്യാറെടുപ്പുകളും അക്രമി സംഘം നടത്തിയിരുന്നു. സംഭവം നടന്നതിനു സമീപത്തെ ഓഡിറ്റോറിയത്തിന്റെ സിസിടിവി തിരിച്ചു വച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നു തന്നെ സംഭവം ആസൂത്രിതമാണെന്ന് വ്യക്തമാണ്. അതിനാല്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. എന്നാല്‍ പ്രതികളെന്നു സംശയിക്കുന്നവര്‍ ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 

Tags:    

Similar News