തനിക്കെതിരായ അവിശ്വാസ പ്രമേയം നിലനിൽക്കില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

പതിനാലാം കേരള നിയമസഭയുടെ ഒരു ദിവസത്തെ സമ്മേളനം (ഇരുപതാം സമ്മേളനം) 24 ന് ചേരും. 2020-ലെ കേരള ധനകാര്യ ബില്ലുകള്‍ പാസ്സാക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും സഭ സമ്മേളിക്കുന്നത്.

Update: 2020-08-14 08:15 GMT

തിരുവനന്തപുരം: യുഡിഎഫ് തനിക്കെതിരായി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം നിലനിൽക്കില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. നിയമസഭാ സമ്മേളനത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ചട്ടം. സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്റെയും സ്പീക്കറെ നീക്കാനുള്ള പ്രമേയത്തിന്റെയും നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.

സാങ്കേതികമായി തടസ്സങ്ങളില്ലെങ്കിൽ അത് പരിഗണിക്കാൻ സ്പീക്കർക്ക് തടസ്സമില്ല. സ്പീക്കർക്കെതിരായുള്ള പ്രമേയമായതുകൊണ്ട് അത് തടസ്സപ്പെടുത്തില്ല. പക്ഷെ സാങ്കേതികമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതാവണം പ്രമേയമെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.

പതിനാലാം കേരള നിയമസഭയുടെ ഒരു ദിവസത്തെ സമ്മേളനം (ഇരുപതാം സമ്മേളനം) 24 ന് ചേരും. 2020-ലെ കേരള ധനകാര്യ ബില്ലുകള്‍ പാസ്സാക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും സഭ സമ്മേളിക്കുന്നത്. കേരള നിയമസഭയുടെ സമ്പൂര്‍ണ്ണ ഹരിത പ്രോട്ടോക്കോളിന്‍റെ ഭാഗമായുള്ള സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 25 ന് നടക്കുമെന്നും സ്പീക്കർ പറഞ്ഞു.

ജനാധിപത്യത്തിന്‍റെ വൈവിധ്യമാര്‍ന്ന ഭാവവും ഉള്ളടക്കവും പൊതുസമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഇന്ത്യയിലെ സംസ്ഥാന നിയമസഭകളുടെ ചരിത്രത്തില്‍ ആദ്യമായി ടെലിവിഷന്‍ ചാനല്‍ എന്ന സംരംഭം കേരള നിയമസഭയില്‍ സഭാ ടി.വി എന്ന പേരില്‍ ആരംഭിക്കുന്നത്. ഇതിന്‍റെ ആദ്യഘട്ടം എന്ന നിലയില്‍ സംസ്ഥാനത്തെ പ്രമുഖ ചാനലുകളില്‍ ആഴ്ചയില്‍ അര മണിക്കൂര്‍ ടൈംസ്ലോട്ട് വാടകയ്ക്ക് എടുത്ത് നിയമസഭയുടെ പ്രവര്‍ത്തനങ്ങളെ സര്‍ഗ്ഗാത്മകമായി ജനമനസ്സകളിലേക്കെത്തിക്കുന്നതിനായി കേരള നിയമസഭ നേരിട്ട് തയ്യാറാക്കുന്ന പരിപാടികളുമായി 17ന് തുടങ്ങുന്നു. സഭാ ടിവിയില്‍ കേരള നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന സഭയും സമൂഹവും, ഒരു ബില്ലിന്‍റെ രൂപീകരണത്തിലെ വിവിധ ഘട്ടങ്ങള്‍ കേരള ഡയലോഗിലും, സുപ്രധാന വ്യക്തിത്വങ്ങളുമായി പതിവായ അഭിമുഖങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരള പരിച്ഛേദത്തെക്കുറിച്ചുള്ള സര്‍ഗ്ഗാത്മകമായി സംവദിക്കുന്ന വേദിയായി സെന്‍ട്രല്‍ ഹാളും, നിയമസഭാ മണ്ഡലങ്ങളുടെ പ്രത്യേകതകള്‍, അവയുടെ ചരിത്രപ്രാധാന്യം, വിവിധ രംഗങ്ങളിലെ മണ്ഡലത്തിന്‍റെ പുരോഗതി എന്നിവ കൈകാര്യം ചെയ്യുന്ന നാട്ടുവഴി എന്നിങ്ങനെ നാല് സെഗ്മെന്‍റുകള്‍ ഉള്‍പ്പെടുന്നു.

17 ന് ഉച്ചയ്ക്ക് 12 മണിക്ക് സഭാ ടിവിയുടെ ഉദ്ഘാടനം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കൊണ്ട് നിര്‍വ്വഹിക്കുന്നതിന് തീരുമാനിക്കുകയും അദ്ദേഹം ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന നടത്താമെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. നിയമസഭാ സാമാജികര്‍ക്ക് നേരിട്ടോ ഗൂഗിള്‍ മീറ്റ് മുഖേനയോ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. മാധ്യമങ്ങള്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവേശനം നല്‍കുന്നതാണ്.

Tags:    

Similar News