സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കില്ല; അപ്രായോഗികമെന്ന് സർക്കാർ
രോഗവ്യാപനം കൂടിയ മേഖലയിൽ നിയന്ത്രണം കർശനമാക്കും. ഈ പ്രദേശങ്ങളിൽ പോലിസിൻ്റെ കൂടുതൽ പരിശോധന നടത്തും. ഓരോ ജില്ലകളിലും സാഹചര്യം നോക്കി ജില്ലാ ഭരണകൂടങ്ങൾക്ക് നടപടിയെടുക്കാം.
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കില്ല. വീണ്ടുമൊരു ലോക്ക് ഡൗൺ നടപ്പാക്കുന്നത് അപ്രായോഗികമെന്ന് പ്രത്യേക മന്ത്രിസഭാ യോഗം വിലയിരുത്തി. അതേസമയം, രോഗവ്യാപനം കൂടിയ മേഖലയിൽ നിയന്ത്രണം കർശനമാക്കും. ഈ പ്രദേശങ്ങളിൽ പോലിസിൻ്റെ കൂടുതൽ പരിശോധന നടത്തും. ഓരോ ജില്ലകളിലും സാഹചര്യം നോക്കി ജില്ലാ ഭരണകൂടങ്ങൾക്ക് നടപടിയെടുക്കാം.
സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കരുതെന്ന് കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ ധാരണയായിരുന്നു. ലോക്ക് ഡൗൺ നടപ്പാക്കിയാൽ ദിവസവേതനക്കാർ ഉൾപ്പെടെ സാധാരണക്കാരായ ജനവിഭാഗത്തിൻ്റെ ദൈനംദിന ജീവിതം പോലും പ്രതിസന്ധിയിലാവുമെന്ന് വിദഗ്ധ സമിതി നേരത്തെ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.
കൂടാതെ ധനകാര്യ ബിൽ പാസ്സാക്കാനായി ഇന്നു ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിയിരുന്നു. ഈ മാസം 31 ന് മുമ്പ് ധനകാര്യ ബിൽ പാസ്സാക്കണം. അതിന് കഴിയാത്തതിനാൽ ധന ബില്ല് പാസാക്കാൻ ഓർഡിനൻസ് ഇറക്കുന്ന കാര്യത്തിൽ ഗവർണറോട് ശിപാർശ ചെയ്യാനും തീരുമാനിച്ചു.
വീഡിയോ കോൺഫറൻസിലൂടെയാണ് ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം നടന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ആണ് ഓൺലൈനിൽ മന്ത്രിസഭായോഗം നടന്നത്.