സിസ്റ്റര്‍ അഭയയുടെ കൊലപാതകം: ഫാദര്‍ തോമസ് കോട്ടൂരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു; സിബി ഐക്ക് നോട്ടീസ് അയക്കും
തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് താല്‍ക്കാലികമായി സസ്പെന്റ് ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും ഫാ. തോമസ് കോട്ടൂര്‍ അപ്പീല്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.വിചാരണക്കോടതി വിധി തെളിവുകളും സാക്ഷിമൊഴികളും വസ്തുതാപരമായി വിലയിരുത്തിയുള്ളതല്ലെന്നും ഫാ.തോമസ് കോട്ടൂര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി
കൊച്ചി: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഫാദര്‍ തോമസ് കോട്ടൂര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇതു സംബന്ധിച്ച് റിപോര്‍ട് തേടി കോടതി സിബി ഐക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു.തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് താല്‍ക്കാലികമായി സസ്പെന്റ് ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും ഫാ. തോമസ് കോട്ടൂര്‍ അപ്പീല്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.
വിചാരണക്കോടതി വിധി തെളിവുകളും സാക്ഷിമൊഴികളും വസ്തുതാപരമായി വിലയിരുത്തിയുള്ളതല്ലെന്നും ഫാ.തോമസ് കോട്ടൂര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി. കൊലപാതക കുറ്റം നിലനില്‍ക്കില്ലെന്നും കേസിലെ മുഖ്യസാക്ഷി രാജുവിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും അപ്പീലില്‍ പറയുന്നു.സിസ്റ്റര്‍ അഭയയെ പ്രതികള്‍ കോടാലികൊണ്ട് തലയ്ക്ക് പിന്നില്‍ അടിച്ചു പരുക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളിയെന സിബിഐയുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് പ്രതികളെ കോടതി ശിക്ഷിച്ചത്.
പ്രതികളായ ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, അതിക്രമിച്ചു കടക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് സിസ്റ്റര്‍ സെഫിക്കെതിരെയുള്ളത്. സെഫി മൂന്നാം പ്രതിയാണ്.സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രസ്താവിച്ചത്.