തദ്ദേശ തിരഞ്ഞെടുപ്പ്: ജാഥകളും കൊട്ടിക്കലാശവും വേണ്ട; ആഹ്ലാദ പ്രകടനങ്ങൾക്കും നിയന്ത്രണം
വോട്ട് തേടിയുള്ള ഭവന സന്ദർശന സമയത്ത് സ്ഥാനാർഥി ഉൾപ്പടെ അഞ്ചുപേരെ അനുവദിക്കും. റോഡ് ഷോയ്ക്ക് പരമാവധി മൂന്നു വാഹനങ്ങളേ പാടുള്ളൂ.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജാഥകളും കൊട്ടിക്കലാശവും ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്. വോട്ട് തേടിയുള്ള ഭവന സന്ദർശന സമയത്ത് സ്ഥാനാർഥി ഉൾപ്പടെ അഞ്ചുപേരെ അനുവദിക്കും. റോഡ് ഷോയ്ക്ക് പരമാവധി മൂന്നു വാഹനങ്ങളേ പാടുള്ളൂ. നാമനിർദേശ പത്രികാസമർപ്പണ സമയത്ത് മൂന്നുപേർ മാത്രമേ പങ്കെടുക്കാവൂ.
സ്ഥാനാനാർഥികൾക്കൊപ്പം ജാഥയോ വാഹനവ്യൂഹമോ പാടില്ല. ഒരു വാഹനം മാത്രമേ അനുവദിക്കൂ. ജാഥ, ആൾക്കൂട്ടം, പരസ്യപ്രചാരണത്തിന്റെ അവസാന ദിവസത്തെ കൊട്ടിക്കലാശം എന്നിവ ഒഴിവാക്കണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളെ കൂടുതലായി ഉപയോഗിക്കണം.
സ്ഥാനാർഥികൾക്ക് നോട്ടുമാല, ഹാരം, ബൊക്കെ, ഷാൾ എന്നിവ നൽകിക്കൊണ്ടുള്ള സ്വീകരണം പാടില്ല. പോളിങ് സ്റ്റേഷന്റെ ദൂരപരിധിക്ക് പുറത്തുള്ള സ്ലിപ്പ് വിതരണത്തിന് രണ്ടുപേർ മാത്രം. പോളിങ് ഉദ്യോഗസ്ഥർ മാസ്ക്, ഫെയ്സ് ഷീൽഡും കയ്യുറയും ധരിക്കണം. പോളിങ് സ്റ്റേഷനുകളിൽ വെള്ളം,സോപ്പ്, സാനിറ്റൈസർ എന്നിവ നിർബന്ധമായും കരുതണം.
ബൂത്ത് ഏജന്റുമാർ പത്തിൽ കൂടരുത്. ബൂത്തിനുള്ളിൽ ഒരേസമയം മൂന്ന് വോട്ടർമാരെ മാത്രമേ അനുവദിക്കാവൂ. കൊവിഡ് പോസിറ്റീവ് ആയവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും തപാൽ വോട്ട് അനുവദിച്ചു.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം മുതൽ വോട്ടെണ്ണൽ വരെ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. വോട്ടെണ്ണലിനു ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങൾക്കും കൊവിഡ് മാനദണ്ഡം നിർബന്ധമാക്കി.