സംസ്ഥാന വ്യവസായ സംഗമം 23 ന് കൊച്ചിയില്‍
കേരള എം എസ് എം ഇ സമ്മിറ്റ് 2022 ഇന്‍വെസ്റ്റ് ആന്റ് മെയ്ക്ക് ഇന്‍ കേരള ' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
കൊച്ചി: സംസ്ഥാന ചെറുകിട വ്യവസായ അസ്സോസിയേഷന്റെയും സംസ്ഥാന വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെ ഈ മാസം 23 നു കൊച്ചിയില്‍ വ്യവസായ സംഗമം സംഘടിപ്പിക്കുമെന്ന് കെഎസ് എസ് ഐ എ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.'' കേരള എം എസ് എം ഇ സമ്മിറ്റ് 2022 ഇന്‍വെസ്റ്റ് ആന്റ് മെയ്ക്ക് ഇന്‍ കേരള ' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ 10 മുതല്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രിമാരായ പി രാജീവ്, കെ എന്‍ ബാലഗോപാല്‍, എം ബി രാജേഷ്, കെ രാജന്‍, വി എന്‍ വാസവന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ വ്യവസായ നയങ്ങളേയും പദ്ധതികളെയും കുറിച്ചും വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നതും ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പരിപാടികളെ സംബന്ധിച്ചും സംരംഭകരെ ബോധവല്‍ക്കരിക്കുന്നതിനും മേല്‍പറഞ്ഞ പദ്ധതികളുടെ പ്രചാരണവുമാണ് സംസ്ഥാനത്തെ വ്യവസായികളുടെ ഈ മഹാ സംഗമംകൊണ്ട് ലക്ഷ്യമിടുന്നതെന്നും കെ എസ് എസ് ഐ എ ഭാരവാഹികള്‍ വ്യക്തമാക്കി.
ഉച്ചയ്ക്കു ശേഷം രണ്ട് ടെക്‌നിക്കല്‍ സെമിനാറുകള്‍ നടക്കും. എംഎസ്എംഇ യുടെ വളര്‍ച്ചക്ക് ധനകാര്യ സ്ഥാപനങ്ങളുടെ പങ്ക് ' എന്ന വിഷയത്തെ സംബന്ധിച്ചുള്ള ആദ്യത്തെ സെമിനാര്‍ നയിക്കുന്നത് കെ എഫ് സി, എസ് ബി ഐ , കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി. ബാങ്ക് തുടങ്ങിയ വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരായിരിക്കും. ' എംഎസ്എംഇമേഖലയ്ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും '' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ സെമിനാറിനു എംഎസ്എംഇ ഡിഐ, വ്യവസായ വാണിജ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവിടങ്ങളിലെ പ്രമുഖര്‍ നേതൃത്വം നല്‍കും.
കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമായി 3000 ല്‍ പരം വ്യവസായികള്‍ സമ്മിറ്റില്‍ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സമൂഹത്തിലെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യമുണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡന്റ് എം ഖാലീദ്, ജനറല്‍ സെക്രട്ടറി കെ എ ജോസഫ്, ഖജാന്‍ജി എന്‍ വിജയകുമാര്‍, വ്യവസായി സംഗമം ചീഫ് കോഡിനേറ്റര്‍ കെ പി രാമചന്ദ്രന്‍ നായര്‍, സെന്‍ട്രല്‍ സോണ്‍ വൈസ് പ്രസിഡന്റ്് ഫിലിപ്പ് എ മുളക്കല്‍, നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡന്റ്് ജോസഫ് പൈകട, സെന്‍ട്രല്‍ സോണ്‍ ജോ. സെക്രട്ടറി ബി ജയകൃഷ്ണന്‍, നോര്‍ത്ത് സോണ്‍ ജോ. സെക്രട്ടറി വിന്‍സന്റ് എ ഗൊണ്‍സാഗ, വ്യവസായ സംഗമം പബ്ലിസിറ്റി കണ്‍വീനര്‍ എന്‍ പി ആന്റണി പവിഴം, നിയുക്ത പ്രസിഡന്റ്് എ നിസാറുദ്ദീന്‍, മുന്‍ പ്രസിഡന്റ് ദാമോദര്‍ അവണൂര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.