പിണറായി സര്‍ക്കാരല്ല, സംസ്ഥാനം ഭരിക്കുന്നത് കണ്‍സള്‍ട്ടന്‍സികള്‍: പി ആര്‍ സിയാദ്
വിമാനത്താവള നിര്‍മാണത്തിനായി ലൂയിസ് ബര്‍ഗ് എന്ന അമേരിക്കന്‍ കമ്പനിയെയാണ് പിണറായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. കമ്പനിക്ക് ഇതിനായി 4.6 കോടി രൂപയും നല്‍കിയിരിക്കുകയാണ്.
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ സംസ്ഥാനം ഭരിക്കുന്നത് കണ്‍സള്‍ട്ടന്‍സികളാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. സ്ഥലം പോലും നിശ്ചയിക്കപ്പെടുകയോ ഏറ്റെടുക്കുകയോ ചെയ്യാത്ത ചെറുവള്ളിയിലെ വിമാനത്താവളത്തിനുവരെ കണ്‍സള്‍ട്ടന്‍സിയെ നിയമിച്ച് കോടികള്‍ ചെലവഴിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. 2017 മുതല്‍ വിമാനത്താവള നിര്‍മാണം സംബന്ധിച്ച ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും പ്രസ്തുത സ്ഥലത്തിന്റെ ഉടമയാരെന്നുപോലും തീരുമാനമായിട്ടില്ല.
വിമാനത്താവള നിര്‍മാണത്തിനായി ലൂയിസ് ബര്‍ഗ് എന്ന അമേരിക്കന്‍ കമ്പനിയെയാണ് പിണറായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. കമ്പനിക്ക് ഇതിനായി 4.6 കോടി രൂപയും നല്‍കിയിരിക്കുകയാണ്. കമ്പനി അധികൃതര്‍ക്ക് സ്ഥലം സന്ദര്‍ശിച്ച് പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ച് പഠനം പോലും നടത്താനായിട്ടില്ല. ലൂയിസ് ബര്‍ഗ് കണ്‍സള്‍ട്ടിങ് കമ്പനി നല്‍കിയ 38 പേജുള്ള ഇടക്കാല റിപോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുകയാണ്. ഈ കമ്പനിയെയാവട്ടെ അഴിമതിയുടെ പേരില്‍ ലോകബാങ്ക് പോലും മുമ്പ് അയോഗ്യരാക്കിയിരുന്നു.
അമേരിക്കയിലുള്‍പ്പെടെ ക്രമക്കേടിന്റെ പേരില്‍ കോടികള്‍ പിഴയൊടുക്കേണ്ടിവന്ന കമ്പനിയാണിത്. രാജ്യത്ത് ഗോവയിലും അസമിലുമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ സിബിഐ അന്വേഷണവും നേരിടുന്നു. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഈ കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാനത്തെ വികസന വായ്ത്താരി പാടി ചെറുതും വലുതുമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കണ്‍സള്‍ട്ടന്‍സികള്‍ക്ക് നല്‍കിയിരിക്കുകയാണ്.
വിദേശത്തും സ്വദേശത്തുമുള്ള നിരവധി കണ്‍സള്‍ട്ടന്‍സികള്‍വഴി അനധികൃത നിയമനം ഉള്‍പ്പെടെ വന്‍ അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നത്. രാജ്യത്തെ പൗരന്‍മാരുടെ അടിസ്ഥാന വിവരങ്ങളും ആരോഗ്യപശ്ചാത്തലം പോലും പഠിക്കാന്‍ അമേരിക്കന്‍ കമ്പനിയെ ഏല്‍പ്പിച്ചത് പിണറായി സര്‍ക്കാരായിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ സ്പെഷ്യല്‍ സെല്‍ നിയമനം പോലും നടത്തുന്നത് കണ്‍സള്‍ട്ടന്‍സിയായി മാറിയിരിക്കുന്നു. കണ്‍സള്‍ട്ടന്‍സിയെ ഉപയോഗിച്ച് നടത്തുന്ന അഴിമതി ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പി ആര്‍ സിയാദ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.