തിരുവനന്തപുരം: കേരളത്തിലെ ഓട്ടോറിക്ഷകള്‍ക്ക് ഇനിമുതല്‍ സ്റ്റേറ്റ് പെര്‍മിറ്റ് നല്‍കാന്‍ സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനം. ഇതുവരെ ജില്ലാ പെര്‍മിറ്റ് മാത്രമായിരുന്നു ഓട്ടോറിക്ഷകള്‍ക്ക് നല്‍കിവന്നിരുന്നത്. സ്റ്റേറ്റ് പെര്‍മിറ്റ് ലഭ്യമാകുന്നതോടെ സംസ്ഥാനം മുഴുവനും ഓട്ടോറിക്ഷകള്‍ക്ക് സവാരി നടത്താനാകും.
സിഐടിയു ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ മാടായി ഏരിയ കമ്മിറ്റിയുടെ അപേക്ഷ പരിഗണിച്ചാണ് സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനം. സ്റ്റേറ്റ് പെര്‍മിറ്റുമായി ദീര്‍ഘയാത്ര നടത്തുമ്പോള്‍ വാഹനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഡ്രൈവര്‍ ഉറപ്പ് വരുത്തേണ്ടതുണ്ടതാണെന്ന് ഗതാഗത അതോറിറ്റി നിര്‍ദേശിച്ചു. ഓട്ടോറിക്ഷകള്‍ക്ക് സ്റ്റേറ്റ് പെര്‍മിറ്റ് നല്‍കിയാല്‍ അപകടനിരക്ക് കൂടുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് തള്ളിയാണ് സംസ്ഥാന ഗതാഗത അതോറിറ്റി തീരുമാനം.
ഇതുവരെ ജില്ലാ പെര്‍മിറ്റ് ഉപയോഗിച്ചായിരുന്നു ഓട്ടോറിക്ഷകള്‍ സവാരി നടത്തിയിരുന്നത്. ഇതുപ്രകാരം, ജില്ലാ അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്റര്‍ മാത്രം സര്‍വീസ് നടത്താനായിരുന്നു ഓട്ടോറിക്ഷകള്‍ക്ക് അനുമതി ഉണ്ടായിരുന്നത്. സ്റ്റേറ്റ് പെര്‍മിറ്റ് ഉപയോഗിച്ചു ദീര്‍ഘദൂര യാത്രകള്‍ നടത്തുമ്പോള്‍ അപകടസാധ്യത ഉള്ളതിനാലാണ് പെര്‍മിറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇതു തുടരുന്നതിനിടെയാണ് സിഐടിയു പ്രാദേശിക ഘടകം ആവശ്യവുമായി ഗതാഗത അതോറിറ്റിയെ സമീപിച്ചത്.
സിഐടിയു ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ഗോപാലകൃഷ്ണന്‍ ആണ് അപേക്ഷയുമായി ഗതാഗത അതോറിറ്റിയെ സമീപിച്ചത്. കൂടാതെ, ജില്ലാ അതിര്‍ത്തിയില്‍ നിന്നുള്ള യാത്രാ പരിധി 30 കിലോമീറ്ററായി ഉയര്‍ത്തണമെന്ന ആവശ്യവുമായി സിഐടിയു കേരള സ്റ്റേറ്റ് ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടേഴ്‌സ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം യുവി രാമചന്ദ്രനും ഗതാഗത അതോറിറ്റിയെ സമീപിച്ചു. ഇവ രണ്ടും പരിഗണിച്ച ശേഷമാണ് ഓട്ടോറിക്ഷകള്‍ക്ക് സ്റ്റേറ്റ് പെര്‍മിറ്റ് അനുവദിക്കാന്‍ തീരുമാനമുണ്ടായത്.
അതേസമയം ഓട്ടോറിക്ഷകള്‍ക്ക് സ്റ്റേറ്റ് പെര്‍മിറ്റ് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു സംസ്ഥാന നേതൃത്വം ഗതാഗത കമ്മീഷണര്‍ക്ക് കത്ത് നല്‍കി. സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനം തൊഴില്‍ മേഖലയില്‍ സംഘര്‍ഷമുണ്ടാക്കുന്നതാണെന്ന് സിഐടിയു സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎസ് സുനില്‍ കുമാര്‍ ആണ് ഗതാഗത കമ്മീഷണര്‍ക്ക് കത്ത് നല്‍കിയത്.