സംസ്ഥാന നികുതി വകുപ്പ് മാര്‍ച്ച് 1 മുതല്‍ ജിഎസ്ടിഎന്‍ ബാക്ക് ഓഫിസ് സംവിധാനത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് മാര്‍ച്ച് 1 മുതല്‍ ജിഎസ്ടിഎന്‍ ബാക്ക് ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നു. ജിഎസ്ടിഎന്നില്‍ നിന്ന് ഡാറ്റ സ്വീകരിക്കാന്‍ നിലവില്‍ കേരളം എന്‍ഐസിയുടെ സഹകരണത്തോടെ വികസിപ്പിച്ച സ്വന്തം സോഫ്റ്റ്‌വെയര്‍ സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ നിന്നാണ് ജിഎസ്ടിഎന്‍ വികസിപ്പിച്ച് ബാക്ക് ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നത്.
നികുതിദായകരുടെ രജിസ്‌ട്രേഷന്‍, റിട്ടേണുകള്‍, റീഫണ്ടുകള്‍ എന്നീ നികുതി സേവനങ്ങള്‍ ജിഎസ്ടിഎന്‍ കംപ്യൂട്ടര്‍ ശൃംഖല വഴിയാണ് നടക്കുന്നത്. 2017 ലാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഓഹരി ഉടമകളായ ജിഎസ്ടിഎന്‍ എന്ന ഐ.ടി സംവിധാനം നിലവില്‍ വന്നത്. നികുതിദായകരെ കൂടാതെ ജിഎസ്ടി നിയമപ്രകാരം നികുതി ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമായ രജിസ്‌ട്രേഷന്‍ നല്‍കല്‍, റീഫണ്ട് അനുവദിക്കല്‍, അസെസ്‌മെന്റ്, എന്‍ഫോഴ്‌സ്‌മെന്റ്, ഓഡിറ്റ് എന്നിവ നടത്തുന്നതും ജിഎസ്ടിഎന്‍ വഴിയാണ്.
സംസ്ഥാന തലത്തില്‍ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കുന്നത് അവസാനിപ്പിക്കുന്നതോടെ ജിഎസ്ടി നിയമത്തില്‍ വരുന്ന മാറ്റങ്ങള്‍ സമയനഷ്ടം കൂടാതെ ഓഫിസര്‍മാര്‍ക്ക് ലഭ്യമാവും. ഇന്ത്യയില്‍ രണ്ടോ, മൂന്നോ സംസ്ഥാനങ്ങള്‍ ഒഴികെ മുഴുവന്‍ സംസ്ഥാനങ്ങളും നിലവില്‍ ജിഎസ്ടിഎന്‍ ബാക്ക് ഓഫിസ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഓഫിസര്‍മാരുടെ മേല്‍നോട്ടത്തിനായി വിപുലമായ എംഐഎസ് സംവിധാനം, ബിസിനസ് ഇന്റലിജന്‍സ് ആന്റ് ഫ്രോഡ് അനലിറ്റിക്‌സ് (ബീഫ) പോലുള്ള അഖിലേന്ത്യാ അനലിറ്റിക് സംവിധാനം എന്നിവയും ജിഎസ്ടിഎന്നിലേക്ക് മാറുന്നത് വഴി സംസ്ഥാനത്തിന് ലഭ്യമാവും.
സംസ്ഥാനത്തിന്റെ തനതായ ആവശ്യങ്ങള്‍ക്കായി മുഴുവന്‍ ജിഎസ്ടി ഡാറ്റയും ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുകയും ചെയ്യും. അതിനാല്‍, സംസ്ഥാനം നേരിട്ട് നടത്തുന്ന ഡാറ്റ അനലിറ്റിക്‌സ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാവില്ല. ഇത് നികുതി ഭരണത്തിലെ കാര്യക്ഷമത ഉറപ്പാക്കുന്നതോടൊപ്പം നികുതി വര്‍ധനവ്, നികുതിദായകര്‍ക്ക് തടസ്സമില്ലാത്ത സേവനം എന്നിവയ്ക്ക് ഗുണകരമാവുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അറിയിച്ചു.