പൊളിക്കാന്‍ പറ്റാത്തത് നാഗമ്പടം പാലം മാത്രമല്ല, ഇനിയുമുണ്ട് നിർമ്മിതികൾ

ഫോര്‍ട്ട് കൊച്ചിയിലുമുണ്ട് ഇത് പോലെ രണ്ടു നിര്‍മ്മിതികള്‍. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍ ആക്രമണത്തെ ഭയന്ന് നിര്‍മ്മിച്ച ആയുധപ്പുരകള്‍ ആണിവ.

Update: 2019-05-04 07:21 GMT

തിരുവനന്തപുരം: കോട്ടയത്തെ നാഗമ്പടം പാലം പൊളിക്കാനുള്ള നീക്കം പരാജയപ്പെട്ടത് ചര്‍ച്ചയാണല്ലോ. എന്നാല്‍ ഇതുമാത്രമല്ല, പൊളിക്കാന്‍ പറ്റാത്ത വേറെയും നിർമ്മിതികൾ കേരളത്തിലുണ്ടത്രേ. ധനമന്ത്രി തോമസ് ഐസക്കാണ് നാഗമ്പടം പാലം സംബന്ധിച്ച ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അദ്ദേഹത്തിന്റെ വാക്കുകള്‍...

ഫോര്‍ട്ട് കൊച്ചിയിലുമുണ്ട് ഇത് പോലെ രണ്ടു നിര്‍മ്മിതികള്‍. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍ ആക്രമണത്തെ ഭയന്ന് നിര്‍മ്മിച്ച ആയുധപ്പുരകള്‍ ആണിവ. പിന്നീട് പൊളിക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല. ഇപ്പോള്‍ ഇന്ത്യന്‍ നേവിയുടെ മ്യൂസിയം ആക്കി മാറ്റിയിരിക്കുകയാണ്. ഈ രണ്ടു അറകളും ചുറ്റുപാടുമുള്ള സ്ഥലവും ഇന്ത്യന്‍ നേവിയുടെ ചരിത്രവും ആയുധങ്ങളും ഉപകരണങ്ങളും ഒക്കെ ചേര്‍ത്തു പ്രദര്‍ശനത്തിന് വച്ചിരിക്കുകയാണ്. പഴയകാല മിസൈലുകള്‍, ടോര്‍പ്പിഡോ എന്നിവയൊക്കെ പുല്‍ത്തകിടികളിലും മറ്റുമായി പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മറ്റൊരാകര്‍ഷണം ഇവിടെ ഉപയോഗിച്ച് കൊണ്ടിരുന്ന കപ്പലുകളുടെ മാതൃകകളും ചിത്രങ്ങളും ആണ്. നേവല്‍ ഓഫീസര്‍മാര്‍ക്കു ലഭിച്ച സുവനീറുകളും അവാര്‍ഡുകളും ഒക്കെ അവരുടെ കുടുംബങ്ങള്‍ തിരികെ നേവിക്ക് സമ്മാനിച്ചവയും ഇക്കൂട്ടത്തിലുണ്ട്. വളരെ വിജ്ഞാനപ്രദമായ പരമ്പരാഗതമായ രീതിയിലുള്ള മ്യൂസിയമാണിത്.


ദക്ഷിണ നേവല്‍ കമാന്‍ഡ് സന്ദര്‍ശിക്കാന്‍ പോയതായിരുന്നു ഞങ്ങള്‍. വൈസ് അഡ്മിറല്‍ എ കെ ചാവ്‌ലയുടെ ഓഫീസിലേക്കാണ് പോയത്. അദ്ദേഹത്തോടൊപ്പം ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ ആര്‍ ജെ നാദ് കര്‍ണിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. കാര്യം വേറോന്നുമല്ല. ആലപ്പുഴയില്‍ സ്ഥാപിക്കാന്‍ പോകുന്ന മാരിടൈം മ്യൂസിയത്തിന് ഐഎന്‍എസ് ആലപ്പി എന്ന ഡികമ്മീഷന്‍ ചെയ്ത മൈന്‍ സ്വീപ്പര്‍ കിട്ടുമോ എന്നു നോക്കാന്‍ പോയതാണ്. ദൗര്‍ഭാഗ്യവശാല്‍ ഐഎന്‍എസ് ആലപ്പി പൊളിച്ച് കഴിഞ്ഞു. ഐഎന്‍എസ് കോഴിക്കോട് വേണമെങ്കില്‍ പരിഗണിക്കാം എന്നായിരുന്നു നേവി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം . കൊച്ചിയിലെ നേവി ആസ്ഥാനത്ത് ഡികമ്മീഷന്‍ ചെയ്ത ഒരു കപ്പല്‍ തീരത്ത് ഉയര്‍ത്തി വച്ചിട്ടുണ്ട്. ഏതാണ്ട് ഇതേ മാതൃകയില്‍ നേവിയില്‍ നിന്നു കിട്ടുന്ന കപ്പല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനാണ് ആലോചിക്കുന്നത്.


ഇതോടൊപ്പം തന്നെ ആലപ്പുഴ മാരിടൈം മ്യൂസിയത്തില്‍ ഇന്‍ഡ്യന്‍ നേവിയുടെ ഒരു പ്രദര്‍ശന പവിലിയന്‍ കൂടി ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. വിശദമായ ചര്‍ച്ചകള്‍ ഇനിയും നടത്തേണ്ടതുണ്ട്. മാരിടൈം മ്യൂസിയത്തിന്റേ ഉള്ളടക്കം സംബന്ധിച്ച സൂക്ഷ്മമായ വിശദാംശങ്ങള്‍ തയ്യാറായ ശേഷം ഈ ചര്‍ച്ച നടക്കും. ഇന്‍ഡ്യന്‍ നേവിയുടെ സഹകരണം ആലപ്പുഴ മാരിടൈം മ്യൂസിയത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രതീക്ഷാനിര്‍ഭരമാണ്. 

Tags:    

Similar News