നന്തനാര്‍ സാഹിത്യപുരസ്‌ക്കാരം പി എം ദീപയുടെ 'ആത്മഛായ' എന്ന ചെറുകഥാ സമാഹാരത്തിന്
57 കൃതികളില്‍ നിന്നാണ് കോഴിക്കോട് നടുവണ്ണൂരിനടുത്തുള്ള കോട്ടൂര്‍ സ്വദേശിനിയായ യുവ എഴുത്തുകാരി പി എം ദീപയുടെ 'ആത്മഛായ' അവാര്‍ഡിനായി തെരെഞ്ഞെടുത്തത്. ആഖ്യാനസത്യസന്ധത, കഥനശേഷി, ക്രാഫ്ടിലെ പരിചരണത്തെളിമ എന്നിവ ദീപയുടെ കഥകളെ വേറിട്ട വായനാനുഭവമാക്കുന്നു.
പെരിന്തല്‍മണ്ണ: എഴുത്തുകാരന്‍ നന്തനാര്‍ എന്ന പി സി ഗോപാലന്റെ സ്മരണക്കായി അങ്ങാടിപ്പുറം വള്ളുവനാടന്‍ സാംസ്‌ക്കാരിക വേദി ഏര്‍പ്പെടുത്തിയ 'നന്തനാര്‍' സാഹിത്യപുരസ്‌ക്കാരം പി എം ദീപയുടെ 'ആത്മഛായ' എന്ന ചെറുകഥാ സമാഹാരത്തിന്. നന്തനാര്‍ വ്യാപരിച്ചിരുന്ന ചെറുകഥ, നോവല്‍, ബാലസാഹിത്യം എന്നിവക്ക് ഇടവിട്ടാണ് വള്ളുവനാടന്‍ സാംസ്‌ക്കാരിക വേദി അവാര്‍ഡ് നല്‍കിവരുന്നത്. 2016-18 കാലയളവില്‍ പ്രസിദ്ധീകരിച്ച എഴുത്തുകാരന്റെ ആദ്യ ചെറുകഥാ സമാഹാരത്തിനാണ് 2019 വര്‍ഷത്തെ നന്തനാര്‍ പുരസ്‌ക്കാരം.
57 കൃതികളില്‍ നിന്നാണ് കോഴിക്കോട് നടുവണ്ണൂരിനടുത്തുള്ള കോട്ടൂര്‍ സ്വദേശിനിയായ യുവ എഴുത്തുകാരി പി എം ദീപയുടെ 'ആത്മഛായ' അവാര്‍ഡിനായി തെരെഞ്ഞെടുത്തത്. ആഖ്യാനസത്യസന്ധത, കഥനശേഷി, ക്രാഫ്ടിലെ പരിചരണത്തെളിമ എന്നിവ ദീപയുടെ കഥകളെ വേറിട്ട വായനാനുഭവമാക്കുന്നു. നന്തനാര്‍ ലക്ഷ്യംവച്ച ഭാഷാലാളിത്യമാണ് മത്സരത്തിന് ലഭിച്ച മറ്റു കഥാസമാഹാരത്തില്‍ നിന്നും ആത്മഛായയെ വേറിട്ട് നിര്‍ത്തുന്നതെന്ന് ജൂറി അംഗങ്ങളായ എന്‍ പി വിജയകൃഷ്ണന്‍, ഡോ.പി ഗീത, പി എസ് വിജയകുമാര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
28ന് വൈകീട്ട് അഞ്ചിന് അങ്ങാടിപ്പുറം തരകന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരുന്ന നന്തനാര്‍ അനുസ്മരണ സമ്മേളനത്തില്‍ സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിക്കും. പതിനായിരം രൂപയും ശില്‍പവുമാണ് പുരസ്‌ക്കാരം.
വാര്‍ത്താ സമ്മേളനത്തില്‍ വള്ളുവനാടന്‍ സാംസ്‌ക്കാരിക വേദി ചെയര്‍മാന്‍ രാംദാസ് ആലിപ്പറമ്പ്, ജന.സെക്രട്ടറി അഡ്വ.നിഷാദ് അങ്ങാടിപ്പുറം, സതീശന്‍ ആവള, ഹാരിഫാ ഹൈദര്‍, സജിത്ത് പെരിന്തല്‍മണ്ണ, ഉടയാന്‍ എറന്തോട്, രാജീവ് കാലടി, ബാസിത്ത് പാറപ്പറമ്പ് സംസാരിച്ചു.