നിസംഗത അക്രമത്തേക്കാൾ ക്രൂരമാണ്; പാലത്തായി പീഡനക്കേസിൽ പ്രതിഷേധവുമായി വിദ്യാർഥികൾ
ക്ഷുഭിത യൗവനം എന്ന വീഡിയോയിലൂടെയാണ് ഒരു കൂട്ടം വിദ്യാർഥികൾ തങ്ങളുടെ പ്രതിഷേധം പുറംലോകത്തോട് പറയുന്നത്.
തിരുവനന്തപുരം: പാലത്തായി ബാലികാ പീഡനക്കേസില്‍ കുറ്റപത്രം സമർപ്പിക്കാതെ പ്രതിയായ ബിജെപി നേതാവിനെ രക്ഷപ്പെടുത്താനുള്ള അധികാരികളുടെ നീക്കത്തെ തുറന്നുകാണിച്ച് സ്കൂൾ വിദ്യാർഥികൾ. നിസംഗത അക്രമത്തേക്കാൾ ക്രൂരമാണെന്ന് വിദ്യാർഥികൾ പുറത്തിറക്കിയ ഹ്രസ്വ വീഡിയോയിൽ പറയുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ വ്യത്യസ്ത തലത്തിലുള്ള പ്രതിഷേധങ്ങളാണ് സമൂഹത്തിൽ നിന്നുയരുന്നത്.
പോലിസുകാർ വിദ്യാർഥികൾക്കൊപ്പം നിൽക്കേണ്ടതിന് പകരം എന്തിനാണ് കുട്ടികളെ അക്രമിക്കുന്നവരെ സംരക്ഷിക്കുന്നതെന്ന് വിദ്യാർഥികൾ ചോദിക്കുന്നു. ക്ഷുഭിത യൗവനം എന്ന വീഡിയോയിലൂടെയാണ് ഒരു കൂട്ടം വിദ്യാർഥികൾ തങ്ങളുടെ പ്രതിഷേധം പുറംലോകത്തോട് പറയുന്നത്.
ബിജെപി നേതാവ് പ്രതിയായ കേസില്‍ ഇന്നെങ്കിലും ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിലെങ്കില്‍ 88 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റും പീഡനത്തിനിരയായ പത്തു വയസ്സുകാരി പഠിച്ച സ്‌കൂളിലെ അധ്യാപകനുമായ പാനൂര്‍ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് കുനിയില്‍ കെ പത്മരാജന് (പപ്പന്‍-45) ജാമ്യം ലഭിച്ചേക്കും. കേസിന്റെ തുടക്കം മുതല്‍ പോലിസിന്റെയും സംഘപരിവാര സംഘടനകളുടേയും അകമഴിഞ്ഞ സഹായം ലഭിച്ച പ്രതി പുറത്തിറങ്ങുന്നതോടെ ഏറെ മാനങ്ങളുള്ള പാലത്തായി പോക്‌സോ കേസ് പൂര്‍ണമായി അട്ടിമറിയുമെന്നാണ് ആശങ്ക.