സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്തായ സംഭവം; സിപിഎമ്മിന്റെ പരാതിയില്‍ കസ്റ്റംസ് കമ്മീഷണര്‍ക്ക് എജിയുടെ നോട്ടീസ്

കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. സിപിഎം നേതാവ് കെ ജെ ജേക്കബിന്റെ പരാതിയിലാണ് എജിയുടെ നടപടി. രഹസ്യമൊഴിയില്‍ പറയുന്നത് പുറത്തുപറയാന്‍ പാടില്ലെന്നും അത് കോടതിയില്‍ നിലനില്‍ക്കുന്ന കേസിനെ ബാധിക്കുമെന്നും കെ ജെ ജേക്കബ് പരാതിയില്‍ പറയുന്നു.

Update: 2021-03-09 09:56 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്തായ സംഭവത്തില്‍ കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറലിന്റെ നോട്ടീസ്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. സിപിഎം നേതാവ് കെ ജെ ജേക്കബിന്റെ പരാതിയിലാണ് എജിയുടെ നടപടി. രഹസ്യമൊഴിയില്‍ പറയുന്നത് പുറത്തുപറയാന്‍ പാടില്ലെന്നും അത് കോടതിയില്‍ നിലനില്‍ക്കുന്ന കേസിനെ ബാധിക്കുമെന്നും കെ ജെ ജേക്കബ് പരാതിയില്‍ പറയുന്നു.

അഡ്വക്കേറ്റ് ജനറല്‍ അനുമതി നല്‍കിയാല്‍ കോടതിയലക്ഷ്യ നടപടികളുമായി കെ ജെ ജേക്കബിന് മുന്നോട്ടുപോവാന്‍ സാധിക്കും. ഇതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്നും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുള്ളതായി സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കിയെന്നാണ് കസ്റ്റസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് പുറമെ സ്പീക്കര്‍, മറ്റ് മൂന്ന് മന്ത്രിമാര്‍ എന്നിവര്‍ക്ക് കോണ്‍സല്‍ ജനറലുമായി നേരിട്ട് ബന്ധമുണ്ട്.

കോണ്‍സുലേറ്റിന്റെ സഹായത്തോടെയുള്ള ഡോളര്‍കടത്ത് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിര്‍ദേശപ്രകാരമായിരുന്നുവെന്നും സ്വപ്‌ന രഹസ്യമൊഴി നല്‍കിയതായും കസ്റ്റംസ് വ്യക്തമാക്കുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ കിഫ്ബിയ്‌ക്കെതിരേ അന്വേഷണം ആരംഭിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേയും സിപിഎം രംഗത്തുവന്നിരുന്നു.

കിഫ്ബി ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഇഡിക്കെതിരേ കേസെടുക്കാനുള്ള നീക്കം നടക്കുകയാണ്. കൂടാതെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേയും മന്ത്രിമാര്‍ക്കെതിരേയും മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്തുവന്ന സാഹചര്യത്തില്‍ ഇഡിക്കെതിരേ കേസെടുക്കാമെന്ന് പോലിസിന് നിയമോപദേശവും ലഭിച്ചിട്ടുണ്ട്.

Tags:    

Similar News