രാജ്യറാണി ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലിലേക്ക് നീട്ടണമെന്ന് ടി എ അഹമ്മദ് കബീര്‍ എംഎല്‍എ
പെരിന്തല്‍മണ്ണ: നിലമ്പൂരില്‍ നിന്നും ഷൊര്‍ണ്ണൂര്‍ വഴി തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന രാജ്യറാണി ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലിലേക്ക് നീട്ടണമെന്ന് ടി എ അഹമ്മദ് കബീര്‍ എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു. രാജ്യാറാണി എക്‌സ്പ്രസ്സ് കഴിഞ്ഞ മാസം മുതല്‍ സ്വതന്ത്ര ട്രെയിന്‍ ആയി. എങ്കിലും കൊച്ചുവേളി സ്‌റ്റേഷനില്‍ യാത്ര അവസാനിപ്പിക്കുന്നതിന് പകരം തിരുവനന്തപുരം സെന്‍ട്രലിലേക്ക് നീട്ടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
കൊച്ചുവേളി സ്‌റ്റേഷനില്‍ യാത്ര അവസാനിപ്പിക്കുന്നത് ആര്‍സിസിയിലേക്കും ശ്രീ ചിത്തിരയിലേക്കും മറ്റും പോകുന്ന രോഗികള്‍ക്കും സെക്രട്ടേറിയറ്റ്, പിഎസ്‌സി ഓഫിസ് തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കും വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. പുലര്‍ച്ചെ ഇവിടെ എത്തുന്ന ട്രെയിന്‍ തിരിച്ചു പുറപ്പെടുന്നത് രാത്രിയാണ്. അതുവരെ നിര്‍ത്തിയിടുന്നതിന് സെന്‍ട്രല്‍ സ്‌റ്റേഷനില്‍ സൗകര്യമില്ല എന്ന കാരണം പറഞ്ഞാണ് യാത്ര കൊച്ചുവേളിയില്‍ അവസാനിപ്പിക്കുന്നത്. കൊച്ചുവേളിയില്‍ ട്രയിനെത്തുമ്പോള്‍ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്താതെ 3, 4 പ്ലാറ്റ്‌ഫോമുകളില്‍ നിര്‍ത്തുന്നതും രോഗികള്‍ക്ക് ദുരിതമാവുന്നു. വീല്‍ ചെയര്‍പോലുള്ള സൗകര്യങ്ങളും റെയില്‍വേ സ്‌റ്റേഷനില്ലെന്ന് യാത്രക്കാര്‍ പറയുന്നു. ഇവിടെ നിന്നും 10 കി.മീ. ദൂരം ഓട്ടോയും മറ്റും ആശ്രയിക്കുന്നത് യാത്രക്കാര്‍ക്ക് സാമ്പത്തിക ബാധ്യതയും പ്രയാസവും ഉണ്ടാക്കുന്നു.
അതേ സമയം തിരുവനന്തപുരം സെന്‍ട്രലിലേക്ക് ട്രയിന്‍ നീട്ടിയാല്‍ ആര്‍സിസിയിലേക്കടക്കം നേരിട്ട് ബസ് ലഭിക്കുമെന്നതിനാല്‍ സാധാരണക്കാര്‍ക്ക് ഇത് ഏറെ സഹായകരമാവും. ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.