സംഗീതനാടക അക്കാദമി സെക്രട്ടറിയ്‌ക്കെതിരേ നടപടിയെടുക്കുക: അതിജീവന കലാസംഘം
അതിജീവന കലാസംഘം സംസ്ഥാന സമിതി അംഗം ഹാഫിസ് നജ്മുദ്ദീന്റെ നേതൃത്വത്തില്‍ അതിജീവന ഭാരവാഹികള്‍ ആര്‍ എല്‍ വി രാമകൃഷ്ണനെ വീട്ടില്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു.
തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും പ്രമുഖ നര്‍ത്തകനുമായ ആര്‍ എല്‍ വി രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ സംഗീതനാടക അക്കാദമി സെക്രട്ടറിയ്‌ക്കെതിരേ നടപടിയെടുക്കണമെന്ന് അതിജീവന കലാസംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ന് അതിജീവന കലാസംഘം സംസ്ഥാന സമിതി അംഗം ഹാഫിസ് നജ്മുദ്ദീന്റെ നേതൃത്വത്തില്‍ അതിജീവന ഭാരവാഹികള്‍ ആര്‍ എല്‍ വി രാമകൃഷ്ണനെ വീട്ടില്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു.
രാമകൃഷ്ണന്റെ ആത്മഹത്യാശ്രമത്തിലൂടെയാണ് അക്കാദമിയിലെ ജാതി വിവേചനം പുറംലോകമറിയുന്നത്. സപ്തംബര്‍ 29ന് രാമകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവസരം നിഷേധിച്ച് സെക്രട്ടറി രാധാകൃഷ്ണന്‍നായര്‍ പറഞ്ഞ വാക്കുകള്‍ കുറിച്ചിരുന്നു. കൃത്യമായ ജാതി വിവേചനമാണ് അവിടെ നടന്നിട്ടുള്ളത്. സര്‍ക്കാര്‍ രാമകൃഷ്ണന് നീതി ഉറപ്പാക്കണം. വിഷയത്തില്‍ അക്കാദമി ചെയര്‍പേഴ്‌സന്‍ കെ പി എ സി ലളിതയുടെ പ്രസ്താവന കൂറുമാറ്റമാണെന്നും അതിജീവന കലാസംഘം കൂട്ടിച്ചേര്‍ത്തു.