താനൂര്‍ കസ്റ്റഡി മരണം: എസ്‌ഐ ഉള്‍പ്പടെ എട്ടു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ എസ്‌ഐ ഉള്‍പ്പടെ എട്ട് പോലിസുകാര്‍ക്ക് സസ്പെന്‍ഷന്‍. എസ്.ഐ കൃഷ്ണലാല്‍ കോണ്‍സ്റ്റബിള്‍മാരായ മനോജ് കെ, ആശിഷ് സ്റ്റീഫന്‍, ശ്രീകുമാര്‍, ജിനേഷ്, വിപിന്‍, അഭിമന്യൂ, ആല്‍ബിന്‍ അഗസ്റ്റിന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് മുന്നോടിയായി കുറ്റാരോപിതരെ മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
മയക്കുമരുന്ന് കേസിലെന്ന പേരില്‍ താനൂര്‍ പോലിസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശിയായ താമിര്‍ ജിഫ്രിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ജിഫ്രി സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് പോലിസ് പറയുന്നത്. ലോക്കപ്പില്‍ വച്ച് പുലര്‍ച്ചെ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് കൂടെയുള്ളവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ നാലരയോടെ ജിഫ്രിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴേക്കും ഇയാള്‍ മരിച്ചെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജിഫ്രിയുടെ ശരീരത്തില്‍ പതിമൂന്ന് ചതവുകളാണ് കണ്ടെത്തിയിരുന്നത്. മുതുകിലും കാലിന്റെ പിന്‍ഭാഗത്തും മര്‍ദനമേറ്റതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്.