താനൂര്‍ കസ്റ്റഡി കൊലപാതകം: അവസാനം പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റം; പ്രതിപ്പട്ടിക സമര്‍പ്പിച്ചു
കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നാണ് വിവരം.
പരപ്പനങ്ങാടി : താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റംചുമത്തി. എസ്പിക്ക് കീഴിലെ ഡാന്‍സാഫ് ഉദ്യോഗസ്ഥരായ നാല് പേര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ഇന്നലെ ഹൈകോടതി കേസ് ഡയറി ഹാജരാക്കാന്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊലകുറ്റം ചുമത്തി പ്രതിപട്ടിക ദൃതി പിടിച്ച് തയ്യാറാക്കിയത്. ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ എസ്സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യൂ, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്.ക്രൈംബ്രാഞ്ച് പ്രതിപ്പട്ടിക ഉള്‍പ്പടെയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സമര്‍പ്പിച്ചത് ആദ്യഘട്ട പ്രതിപട്ടികയാണ്. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നാണ് വിവരം.
തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ നേതൃത്വം കൊടുത്ത മലപ്പുറം എസ് പിക്കെതിരെയും കുറ്റം ചുമത്താത്തത് വിവാദമായിട്ടുണ്ട്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതക കുറ്റം), 342 (അന്യായമായി തടങ്കലില്‍ വയ്ക്കുക), 346 (രഹസ്യമായി അന്യായമായി തടങ്കലില്‍ വെക്കല്‍), 348 (ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കല്‍), 330 (ഭയപ്പെടുത്തി മര്‍ദ്ദിച്ചു കുറ്റം സമ്മതിപ്പിക്കല്‍), 323 (ദേഹോപദ്രവം ഏല്‍പ്പിക്കല്‍), 324 (ആയുധം ഉപയോഗിച്ച് മര്‍ദ്ദിച്ച് ഗുരുതര പരിക്ക് ഏല്‍പ്പിക്കല്‍), 34 (സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.