താനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. നാല് പോലിസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്താണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. എറണാകുളം ചീഫ് ജുഢീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ ജിനേഷ്, ആല്‍വിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവര്‍ പ്രതികളാണ്. ഇവര്‍ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളാണ്.
അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി റോണക് കുമാറാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് നിലവില്‍ പ്രതിചേര്‍ത്തത്. കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്ന് സിബിഐ പറഞ്ഞു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 9നാണ് താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം മാത്രമാണ് മുന്നോട്ട് പോയത്. ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. പോലിസ് ഒളിച്ചുകളി തുടരുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് താനൂര്‍ പോലിസിന്റെ കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്.