ടിബിഎസ് ഉടമ എന്‍ ഇ ബാലകൃഷ്ണമാരാര്‍ അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ കോഴിക്കോടായിരുന്നു അന്ത്യം.

Update: 2022-10-14 18:08 GMT

കോഴിക്കോട്: ടൂറിങ് ബുക്ക്സ്റ്റാര്‍ (ടി.ബി.എസ്) ഉടമ എന്‍.ഇ ബാലകൃഷ്ണമാരാര്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ കോഴിക്കോടായിരുന്നു അന്ത്യം.

പൂര്‍ണ പബ്ലിക്കേഷന്‍സിന്റെ ഉടമ കൂടിയായ ബാലകൃഷ്ണമാരാര്‍ മലയാള പുസ്തക പ്രസാധന മേഖലയിലെ അതികായനാണ്.1932ല്‍ കണ്ണൂര്‍ ജില്ലയില്‍ തൃശിലേരി മീത്തലെ വീട്ടില്‍ കുഞ്ഞികൃഷ്ണ മാരാരുടെയും മാധവി ഞാലില്‍ എടവലത്തു തറവാട്ടില്‍ മാരസ്യാരുടെയും മകനായാണ് ജനനം.

ഒന്നര വയസ്സുള്ളപ്പോള്‍ തന്നെ അച്ഛന്‍ മരിച്ചു. പിന്നീട് ഉപജീവനത്തിനായി കോഴിക്കോട്ടെത്തി. വീട്ടിലെ ദാരിദ്ര്യദുഃഖത്തിനു പരിഹാരംതേടിയാണ് ആറാംക്ലാസ് വിദ്യാഭ്യാസത്തിനുശേഷം മാരാര്‍ കോഴിക്കോട്ടെത്തിയത്. രാവിലെ പത്രവില്‍പ്പനയും ഉച്ചതിരിഞ്ഞ് പുസ്തകവില്‍പ്പനയുമായി എല്ലായിടത്തുമെത്തി. ഇടയ്ക്ക് തഞ്ചാവൂരിലെ ഹോട്ടലില്‍ സപ്ലയറായും പെട്ടിക്കടക്കാരനായും ജീവിതവേഷം മാറി. വീണ്ടും കോഴിക്കോട്ടെത്തി കാല്‍നടയായി പുസ്തകവില്‍പ്പന നടത്തിക്കൊണ്ടിരിക്കെയാണ് ഒരു സൈക്കിള്‍ സ്വന്തമാക്കിയത്. അമ്മയുടെ കമ്മല്‍ പണയംവെച്ച് കിട്ടിയ അറുപതുരൂപയ്ക്ക് വാങ്ങിയ സൈക്കിളില്‍ കോഴിക്കോടിന്റെ ഓരോ മുക്കിലുംമൂലയിലുമെത്തിയായിരുന്നു പുസ്തക വില്‍പ്പന.

കാല്‍നടയില്‍നിന്ന് സൈക്കിളിലേക്കും പത്ര, പുസ്തക വില്‍പ്പനയില്‍ നിന്ന് പ്രസാധന രംഗത്തേക്കും പടിപടിയായി വളര്‍ന്നു. 1958ല്‍ മിഠായിത്തെരുവില്‍ ഒറ്റമുറി കടയില്‍ ടി.ബി.എസ് പുസ്തകശാലയ്ക്ക് തുടക്കംകുറിച്ചു. 1966ല്‍ പുര്‍ണ പബ്ലിക്കേഷന്‍സിനും തുടക്കമിട്ടു. 1988ല്‍ ടിബിഎസ് മുതലക്കുളത്ത് ഇപ്പോഴുള്ള കെട്ടിടത്തിലേക്കും മാറി. പുസ്തകപ്രസാധനത്തില്‍ അനന്യമായൊരിടം നേടിയ ബാലകൃഷ്ണമാരാരുടെ ജീവിതത്തിന്റെ പര്യായമായിരുന്നു ടി.ബി.എസ് ബുക്സ്റ്റാള്‍ അഥവാ സഞ്ചരിക്കുന്ന പുസ്തകശാല.

Tags:    

Similar News