താനൂര്‍ കൊലപാതകം: പ്രതികളിലൊരാള്‍ അറസ്റ്റില്‍

നന്നമ്പ്ര കീരിയാട്ടില്‍ രാഹുലിനെ(22) യാണ് കടലുണ്ടിയില്‍ പിടികൂടിയത്. പ്രതിയായ രാഹുലിന്റെ പേരില്‍ വിവിധ പോലിസ് സ്റ്റേഷനുകളിലായി എട്ടുകേസുകള്‍ നിലവിലുണ്ട്.

Update: 2020-06-01 15:31 GMT

പരപ്പനങ്ങാടി: കൂട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഒരാളെ താനൂര്‍ പോലിസ് പിടികൂടി. നന്നമ്പ്ര കീരിയാട്ടില്‍ രാഹുലിനെ(22) യാണ് കടലുണ്ടിയില്‍ പിടികൂടിയത്. കഴിഞ്ഞ മെയ് 30നാണ് കേസിനാസ്പദമായ സംഭവം. കൂട്ടുകാരായ നാലുപേര്‍ സംഘം ചേര്‍ന്ന് പാലക്കുറ്റിഴി പാലത്തിനടുത്ത റെയില്‍വെ പാലത്തിന് സമീപംവച്ച് മദ്യപിക്കുകയും ഇതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കത്തികൊണ്ട് കുത്തേറ്റ് ചട്ടിക്കല്‍ വീട്ടില്‍ ശിഹാബുദ്ദീന്‍ (22) കൊല്ലപ്പെടുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന ബിപി അങ്ങാടി സ്വദേശി മുഹമ്മദ് അഹ്‌സന്‍ കുത്തേറ്റ് ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

പ്രതിയായ രാഹുലിന്റെ പേരില്‍ വിവിധ പോലിസ് സ്റ്റേഷനുകളിലായി എട്ടുകേസുകള്‍ നിലവിലുണ്ട്. വെള്ളിയാമ്പുറം പ്രദേശത്ത് താമസിച്ചിരുന്ന രാഹുല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ പറയുന്നു. പല കേസുകളിലും സംഘപരിവാര്‍ ബന്ധമുപയോഗിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. മറ്റൊരു കൂട്ടുപ്രതിയായ ചീരന്‍ കടപ്പുറം അരയന്റെപുരയ്ക്കല്‍ സുഫിയാനെക്കുറിച്ച് പോലിസ് അന്വേഷണം ശക്തമാക്കിയതായി താനൂര്‍ സിഐ പി പ്രമോദ് അറിയിച്ചു. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. 

Tags:    

Similar News