ബന്ധുക്കൾ മരണാനന്തര ചടങ്ങുകൾ നടത്തിയ കൊവിഡ് രോഗിയുടെ മൃതദേഹം മോര്‍ച്ചറിയില്‍
ഒക്ടോബര്‍ രണ്ടിന് മരിച്ച പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലുള്ളത്.
കൊല്ലം: ബന്ധുക്കൾ മരണാനന്തര ചടങ്ങുകൾ നടത്തിയ കൊവിഡ് രോഗിയുടെ മൃതദേഹം മോര്‍ച്ചറിയില്‍. ഒക്ടോബര്‍ രണ്ടിന് മരിച്ച പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലുള്ളത്. കൊല്ലം ജില്ലയിൽ നിന്ന് സമാനരീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.
ആരോഗ്യ വകുപ്പ് സംസ്‌കരിച്ചെന്ന ധാരണയിലാണ് മരണാനന്തര ചടങ്ങുകൾ നടത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാൽ മൃതദേഹം സംസ്‌കരിച്ചിട്ടില്ലെന്ന വിവരം ഇന്നലെയാണ് ബന്ധുക്കൾ അറിഞ്ഞത്. മൃതദേഹം ഏറ്റുവാങ്ങണം എന്നാവശ്യപ്പെട്ട് ഒക്ടോബര്‍ രണ്ടിന് ദേവരാജന്റെ ബന്ധുക്കളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ബന്ധപ്പെട്ടിരുന്നു. എന്നാല്‍ വീട്ടില്‍ ഇടമില്ലാത്തതിനാല്‍ കൊല്ലത്തെ പൊത് ശ്മശാനത്തില്‍ സംസ്‌കരിക്കാമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് നല്‍കിയതായി ബന്ധുക്കള്‍ പറയുന്നു.
ദേവരാജനെ ജില്ലാ ആശുപത്രിയില്‍ നിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കാണ് റഫര്‍ ചെയ്തത്. പിന്നെങ്ങനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോയെന്ന് അറിയില്ലെന്ന് കൊല്ലം ഡിഎംഒ ആര്‍ ശ്രീലത പറയുന്നു. ദേവരാജൻ പാരിപ്പള്ളിയില്‍ എത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കൊല്ലം സ്വദേശികളായ കൊവിഡ് ബാധിതര്‍ മരിച്ചാല്‍ കൊല്ലം മെഡിക്കല്‍ ഓഫീസിനെ അറിയിക്കും. ദേവരാജന്റെ കാര്യത്തില്‍ അങ്ങനെ ഉണ്ടായിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും ഡിഎംഒ പറഞ്ഞു.
മൃതദേഹം ഇനിയും സംസ്കരിച്ചിട്ടില്ലെന്ന വിവരം ലഭിച്ചതോടെ വീട്ടില്‍ സൗകര്യമില്ലെന്ന് ബന്ധുക്കള്‍ പത്തനാപുരം പോലിസിനെ അറിയിച്ചു. തുടർന്ന് മൃതദേഹം സംസ്കരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പോലിസ് ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി.