ഫാഷിസ്റ്റുകളെ നാണിപ്പിക്കും വിധം സിപിഎം നുണ ചമയ്ക്കുകയാണ്; വിനു വി ജോണിന് ഐക്യദാർഢ്യവുമായി കെ കെ രമ
ഏഷ്യാനെറ്റിലെ മാധ്യമ പ്രവർത്തകൻ വിനു വി ജോണിനെതിരെ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന സംഘടിതമായ അധിക്ഷേപവർഷവും ആരോപണ ശരവർഷങ്ങളും ആക്രോശങ്ങളുമെല്ലാം ഈ ഫാഷിസ്റ്റ് നുണനിർമ്മാണ മാതൃകയുടെ ഏറ്റവും ഒടുവിലത്തെ തികവുറ്റ ഉദാഹരണമാണെന്ന് പറയാതിരിക്കാനാവില്ല.
കോഴിക്കോട്: ചാനൽ ചർച്ചയുടെ പേരിൽ ഏഷ്യാനെറ്റ് മാധ്യമ പ്രവർത്തകൻ വിനു വി ജോണിനെതിരേ സിപിഎം നടത്തുന്ന സൈബർ ആക്രമണത്തിനെതിരേ ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ കെ രമ വിനുവിന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയത്.
ഏഷ്യാനെറ്റിലെ മാധ്യമ പ്രവർത്തകൻ വിനു വി ജോണിനെതിരെ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന സംഘടിതമായ അധിക്ഷേപവർഷവും ആരോപണ ശരവർഷങ്ങളും ആക്രോശങ്ങളുമെല്ലാം ഈ ഫാഷിസ്റ്റ് നുണനിർമ്മാണ മാതൃകയുടെ ഏറ്റവും ഒടുവിലത്തെ തികവുറ്റ ഉദാഹരണമാണെന്ന് പറയാതിരിക്കാനാവില്ല. ഏത് മാധ്യമത്തിന്റെയും മാധ്യമ പ്രവർത്തകരുടേയും നിലപാടുകളെ നിഷ്കരുണം വിചാരണ ചെയ്യാനും അവയോട് കണിശമായി തന്നെ വിയോജിക്കാനും തീർച്ചയായും ഏതൊരാൾക്കും സ്വാതന്ത്ര്യമുണ്ട്. അത് നിർവ്വഹിക്കേണ്ടത് വസ്തുതകളെ മുൻനിർത്തിയായിരിക്കണമെന്ന് അവർ പറഞ്ഞു.
നാടുവാഴുന്ന നവലിബറൽ നയങ്ങൾക്കെതിരേ നടന്ന പണിമുടക്കിൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേയാണ് അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗം അണിനിരന്നത്. പണിമുടക്കിന്റെ രാഷ്ട്രീയം ജനങ്ങളിലെത്തിക്കുന്ന കാര്യത്തിൽ മാധ്യമങ്ങൾ വേണ്ടത്ര ഇടപെടൽ നടത്തിയോ എന്ന കാര്യവും വിശകലനം ചെയ്യപ്പെടണം. പക്ഷേ, ഇതൊന്നും ഹർത്താൽ ദിനത്തിൽ നടന്ന അക്രമസംഭവങ്ങളെ ന്യായീകരിക്കാനുള്ള കാരണമല്ല. അത്തരം സംഭവങ്ങൾ പൊതു സമൂഹത്തിൽ സമരങ്ങൾക്കും തൊഴിലാളി വർഗ്ഗത്തിനും എതിരായ മനോഭാവത്തിന് ആക്കം കൂട്ടുകയേ ഉള്ളൂ. സമരം ഭരണകൂടത്തിന് എതിരെയാണ് സാമാന്യ മനുഷ്യർക്കെതിരല്ല എന്ന് സമര സംഘാടകർ മറന്നു കൂടാത്തതാണെന്ന് അവർ കൂട്ടിച്ചേർത്തു.
ഇത്തരം ഗൗരവമേറിയ സംഭവങ്ങൾ നിസ്സാരീകരിക്കാനുളള സിപിഎം-സിഐടിയു നേതാവ് എളമരം കരീം നടത്തിയ തികച്ചും അപലപനീയമായ ശ്രമങ്ങൾ വിമർശിച്ചും തുറന്നുകാട്ടിയും വിനു വി ജോൺ ചാനൽ ചർച്ചാമധ്യേ പറഞ്ഞ കാര്യങ്ങളെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് പെരുംനുണ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. ഹർത്താലിന്റെ പേരിൽ നടത്തിയ ഗുരുതരമായ ആക്രമണങ്ങളിൽ സാരമായി പരിക്കേറ്റ് നിരവധിപേർ ആശുപത്രികളിൽ കിടക്കുമ്പോഴാണ് ഈ ആക്രമണങ്ങളെ നിരുപാധികം തള്ളിപ്പറയുന്നതിന് പകരം എളമരം കരീമിനെ പോലെ ഉത്തരവാദപ്പെട്ട ഒരു ഉന്നതനേതാവ് ഈ ക്രൂരമായ ആക്രമണങ്ങളെ ''പിച്ചലും, മാന്തലു''മൊക്കെയായി നിസ്സാരീകരിച്ച് അക്രമ സംഭവങ്ങളെ നിർലജ്ജം ന്യായീകരിക്കുകയും ഇരകളെ ഹീനമാംവിധം പരിഹസിക്കുകയും ചെയ്തിരിക്കുന്നത്.
ഈ വിഷയമാണ് വിനു വി ജോൺ ഉന്നയിച്ചത്. ഈ ആക്രമണ അനുഭവം എളമരം കരീമിനാണുണ്ടായതെങ്കിൽ അദ്ദേഹത്തിൻറെ പ്രതികരണം എങ്ങിനെയായിരിക്കുമെന്ന് അൽപ്പം വിസ്തരിച്ചുതന്നെ ചോദിച്ചു എന്നതിനപ്പുറം വിനുവിൻറെ പ്രസ്താവനയിൽ അനുചിതമായി ഒന്നുമുണ്ടായിരുന്നില്ലെന്ന് ആ ചർച്ച കണ്ട എല്ലാവർക്കുമറിയാം. എന്നാൽ തങ്ങൾക്ക് വഴങ്ങാത്തവരെ ആക്രമിച്ചുകീഴ്പ്പെടുത്താൻ ഏത് ഫാഷിസ്റ്റ് ശൈലിയും സ്വീകരിക്കാൻ തെല്ലും മടിയില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചുകൊണ്ടാണ് വിനു വി ജോണിനെതിരേ സംഘടിതമായ അസത്യ-അർധസത്യ പ്രചാരവേലയുമായി സിപിഎം നേതൃത്വം തന്നെ രംഗത്തിറങ്ങിയിരിക്കുന്നതെന്ന് രമ ചൂണ്ടിക്കാട്ടി.
മാധ്യമപ്രവർത്തകരെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും നിശ്ശബ്ദമാക്കാനുള്ള ഈ ശ്രമം തീർച്ചയായും ചെറുക്കപ്പെടേണ്ടതുണ്ട്. എല്ലാ ജനാധിപത്യവിശ്വാസികളും അതിനായി നിലകൊള്ളേണ്ടതുമുണ്ട്. പണിമുടക്കിന്റെ പേരിൽ സാധാരണ മനുഷ്യർക്കെതിരെ അരങ്ങേറുന്ന സംഘടിതവും ക്രൂരവുമായ ആക്രമണങ്ങളെ വിട്ടുവീഴ്ച്ചയില്ലാതെ എതിർക്കുക തന്നെ വേണം. അങ്ങിനെ എതിർക്കുന്നവരെ നുണക്കഥ ചമച്ച് വേട്ടയാടാനുള്ള നീക്കത്തിൽ നിന്ന് സിപിഎം നേതൃത്വം പിൻമാറിയേ തീരൂവെന്ന് അവർ പറഞ്ഞു.