എറണാകുളം: എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എന്‍എം സിദ്ദീഖിനെതിരേ ഒമ്പത് വര്‍ഷം മുമ്പ് എടുത്ത ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കി. സിദ്ദീഖിനെതിരേ ക്രിമിനല്‍ കേസ് തുടരാനനുവദിക്കുന്നത് തെറ്റായ നിയമ നടപടിയാവുമെന്നും അതിനാല്‍ കേസ് റദ്ദാക്കുകയാണെന്നും ജസ്റ്റിസ് രാജാ വിജയരാഘവന്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.
2010 ജൂലൈ 22നാണ് ഐപിസി 153(എ) വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലിസ് കള്ളക്കേസുണ്ടാക്കി എന്‍എം സിദ്ദീഖിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 52 ദിവസം എറണാകുളം, മട്ടാഞ്ചേരി സബ്ജയിലുകളില്‍ റിമാന്റിലായി. കെഎസ്എഫ്ഇ തോപ്പുംപടി ശാഖയില്‍ ഉദ്യോഗസ്ഥനായിരുന്ന സിദ്ദീഖിനെ സര്‍വീസില്‍ നിന്ന് നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അന്നുമുതലുള്ള പ്രമോഷനുകള്‍, ഇന്‍ക്രിമെന്റുകള്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവ കെഎസ്എഫ്ഇ തടഞ്ഞു.
ഈ കേസിലാണ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈക്കോടതി എന്‍എം സിദ്ദീഖിനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
സിദ്ദീഖിന്റെ തടഞ്ഞുവെച്ചിരിക്കുന്ന സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഫയല്‍ ചെയ്ത കേസിലും അനുകൂല വിധിയാണ് കോടതിയില്‍ നിന്നുണ്ടായത്. ഒരു മാസത്തിനകം സിദ്ദീഖിന്റെ അപേക്ഷയില്‍ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് അനു ശിവരാമന്‍ നിര്‍ദേശം നല്‍കിയത്.
2010 ജൂലൈ നാലിന് പ്രവാചകനിന്ദ നടത്തിയ അധ്യാപകനെ തൊടുപുഴയില്‍ ഒരുസംഘം അക്രമിച്ചിരുന്നു. തുടര്‍ന്ന് മധ്യകേരളത്തില്‍ വ്യാപകമായി മുസ്്‌ലിംവേട്ടയുണ്ടായപ്പോള്‍ പോലിസിനെതിരേ ജൂലൈ ഏഴിന് ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ എന്‍എം സിദ്ദീഖ് പരാതി നല്‍കിയിരുന്നു. പരാതിയില്‍ ജൂലൈ 15ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രണ്ടാഴ്ചക്കകം ഡിജിപിയോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടു.
കേരള പോലിസിനെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യം തീര്‍ക്കാനായിരുന്നു ജൂലൈ 16ന് ക്രിമിനല്‍ കേസെടുത്തത്. പിന്നീട് ജൂലൈ 22ന് അബ്ദുള്‍ സലാം, എന്‍എം സിദ്ദീഖ് എന്നിവരെ അറസ്റ്റ് ചെയ്തു. പിന്നീട് കെഎച്ച് നാസറിനെയും കേസില്‍ പ്രതിചേര്‍ത്തു. പോലിസ് സ്‌റ്റേഷനിലും ജയിലിലും എന്‍എം സിദ്ദീഖ് കടുത്ത മാനസിക പീഡനത്തിനാണ് ഇരയായത്.
2016 നവംബര്‍ 30നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഐപിസി 153(എ) വകുപ്പ് പ്രകാരം കേസെടുത്താല്‍ മൂന്ന് വര്‍ഷത്തിനകം ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള പോലിസുദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കേണ്ടതായിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ മജിസ്‌ട്രേറ്റിന് കേസ് വിസ്തരിക്കാനാവൂ. കേസില്‍ വന്ന കാലതാമസം മാപ്പാക്കാന്‍ മജിസ്‌ട്രേറ്റിന് പോലിസ് അപേക്ഷ നല്‍കിയിരുന്നില്ല. അനുമതിക്ക് അപേക്ഷ നല്‍കിയതും ലഭിച്ചതും കുറ്റപത്രം സമര്‍പ്പിച്ചതും കേസ് വിസ്താരമാരംഭിച്ചതും നിര്‍ദിഷ്ട സമയപരിധിക്ക് ശേഷമായിരുന്നു.
അഡ്വ. ടിജി രാജേന്ദ്രന്‍ ആണ് എന്‍എം സിദ്ദീഖിനു വേണ്ടി ഹാജരായത്. തടഞ്ഞുവെച്ചിരിക്കുന്ന സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഫയല്‍ ചെയ്ത കേസില്‍ അഡ്വ. കെ പ്രവീണ്‍കുമാറാണ് സിദ്ദീഖിനു വേണ്ടി ഹാജരായത്.