കൊല്ലം: കൊല്ലത്ത് കലയുടെ അരങ്ങുണര്‍ന്നു. ഇനി അഞ്ച് നാള്‍ കേരളത്തിന്റെ കണ്ണും കാതും കൊല്ലത്തെ 24 വേദികളിലേക്ക്. സ്റ്റാര്‍ ഐറ്റങ്ങള്‍ അരങ്ങേറുന്ന ആശ്രാമം മൈതാനം ഇതിനോടകം തന്നെ നിറഞ്ഞുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിയിച്ചതോടെ കൗമാരോത്സവത്തിന് തുടക്കമായി.ആശ്രാമ മൈതാനത്തെ ഒഎന്‍വി സ്മൃതി വേദിയില്‍ കാസര്‍കോടുനിന്നുള്ള വിദ്യാര്‍ത്ഥികളുടെ മം?ഗലം കളിയോടെയും നടി ആശാ ശരത്തിന്റെയും സംഘത്തിന്റെയും നൃത്ത ശില്‍പ്പത്തോടെയും ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിച്ച് 62ാമത് കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. നടി നിഖില വിമല്‍ മുഖ്യാതിഥിയായി.
രാവിലെ ഒന്‍പത് മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തി. ഉദ്ഘാടന ദിവസമായ ഇന്ന് വിവിധ വേദികളിലായി മോഹിനിയാട്ടം, സംഘനൃത്തം, ഭരതനാട്യം, കോല്‍ക്കളി, മാര്‍ഗംകളി, കുച്ചിപ്പുടി, സംസ്‌കൃത നാടകം, കഥകളി എന്നീ ഇനങ്ങളും ഉണ്ടാകും. കോഴിക്കോട് നിന്ന് എത്തിച്ച 117 പവന്റെ സ്വര്‍ണ്ണ കപ്പിന് കൊല്ലം ജില്ലാ അതിര്‍ത്തിയില്‍ സ്വീകരണം നല്‍കിയിരുന്നു.