കൊല്ലം: 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലത്ത് ഇന്ന് തിരിതെളിയും. ഇനിയുള്ള അഞ്ചുനാളുകള്‍ കൗമാരകലയുടെ പൂരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുക. ഭിന്നശേഷി കുട്ടികളുടെ വാദ്യമേളത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. കാസര്‍കോട് ജില്ലയിലെ ഗോത്രവിഭാഗക്കാരായ മാവിലര്‍, മലവേട്ടുവന്‍ സമുദായക്കാര്‍ മംഗലം കളി അവതരിപ്പിക്കും. സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന് ആശാശരത്താണ് നൃത്താവിഷ്‌കാരം നല്‍കുന്നത്. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാര്‍, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവരും പങ്കെടുക്കും.
അപ്പീല്‍ വഴിയെത്തിയ 331 പേര്‍ ഉള്‍പ്പെടെ 9,571 പ്രതിഭകളാണ് 239 ഇനങ്ങളിലായി മത്സരിക്കുന്നത്. 3,969 ആണ്‍കുട്ടികളും 5,571 പെണ്‍കുട്ടികളുമാണ്. 24 വേദികളാണ് കാലാപൂരത്തിനായി സജ്ജമാക്കിയിരിക്കുന്നത്. പതിനാല് സ്‌കൂളുകളിലായി 2,475 ആണ്‍കുട്ടികള്‍ക്കും ഒമ്പത് സ്‌കൂളുകളിലായി 2,250 പെണ്‍കുട്ടികള്‍ക്കും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ ടൗണ്‍ ബസ് സര്‍വീസും കെഎസ്ആര്‍ടിസി, ഓര്‍ഡിനറി ബസുകളും ചിന്നക്കട ആശ്രാമം വഴി കടപ്പാക്കട റൂട്ടിലൂടെ കലോത്സവം അവസാനിക്കുന്നതുവരെ സര്‍വീസ് നടത്തും.
24 വേദികളിലേക്കും മത്സരാര്‍ഥികളെ സൗജന്യമായി എത്തിക്കുന്നതിന് 25 ഓട്ടോറിക്ഷകള്‍ സജ്ജമാണ്. പ്രത്യേകം ബോര്‍ഡ് വെച്ചാണ് ഇവ സര്‍വീസ് നടത്തുന്നത്. എല്ലാ വേദികളിലേക്കും കെഎസ്ആര്‍ടിസിയും കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടിയും സൗജന്യയാത്ര ഒരുക്കും. മത്സരാര്‍ഥികള്‍ക്ക് വേദികളിലേക്കും ഭക്ഷണ പന്തലിലേക്കും പോകാന്‍ ഈ വാഹനം ഉപയോഗിക്കാന്‍ കഴിയും.