1991ലെ ഹൈക്കോടതി വിധി നിയമപരമായിരുന്നില്ല: മുഖ്യമന്ത്രി
കോടതിക്കെതിരേ നീങ്ങാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാറിനെതിരേ നീങ്ങുകയാണ് ചിലര്‍
തിരുവനന്തപുരം: ശബരിമലയില്‍ 1991വരെ യുവതികള്‍ പോയിരുന്നെന്നും വിഷയത്തില്‍ 1991ല്‍ വന്ന ഹൈക്കോടതി വിധി നിയമപരമായിരുന്നില്ലെന്നും മുഖ്യന്ത്രി പിണറായി വിജയന്‍. യൂനിവേഴ്‌സിറ്റി കോളജില്‍ നടന്ന കേരള സമൂഹത്തിന്റെ വലതുപക്ഷവല്‍കരണം ശില്പശാലയില്‍ സംസാരിക്കവെയാണ് പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയത്. ശബരിമല വിഷയത്തില്‍ സത്യം മറച്ചുവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. 1991വരെ ശബരിമലയില്‍ മാസാദ്യ പൂജയ്ക്ക് യുവതികള്‍ പോയിരുന്നു. 1991ലെ ഹൈക്കോടതി വിധി നിയമപരമായിരുന്നില്ല. ഇതാണ് സുപ്രിംകോടതി തിരുത്തിയത്. കോടതിക്കെതിരേ നീങ്ങാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാറിനെതിരേ നീങ്ങുകയാണ് ചിലര്‍. എന്നാല്‍ ഈ വിഷയത്തില്‍ സിപിഎമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ട്. വിശ്വാസികള്‍ക്കെതിരേ സിപിഎം നിലപാട് എടുത്തിട്ടില്ല. സി പി എമ്മിനോടൊപ്പം നില്‍ക്കുന്നത് വിശ്വാസികളാണ്. വിശ്വാസികള്‍ക്ക് ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിലെ ബിജെപി സമരം വിജയിച്ചില്ലെന്ന് അവര്‍ തന്നെ സമ്മതിച്ചെന്നും പിണറായി പറഞ്ഞു.