ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; മധ്യവയസ്കൻ കോഴിക്കോട് പിടിയിൽ

ക്ഷേത്രത്തിലെ മൂന്ന് വിളക്കുകളും പൂജയ്ക്ക് ഉപയോഗിക്കുന്ന മണിയും ക്ലോക്കുമുൾപ്പെടെയുള്ള സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്.

Update: 2022-09-15 15:21 GMT

കോഴിക്കോട്: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ കോഴിക്കോട് പിടിയിൽ. എടവണ്ണപ്പാറ സ്വദേശിയായ ഉണ്ണികൃഷ്ണൻ (51) എന്നയാളാണ് അറസ്റ്റിലായത്. സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലിസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ടൗൺ എസ്ഐ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് ഇയാൾ വലയിലായത്.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടാം ഗെയ്റ്റിനു സമീപത്തുള്ള വിരട്ടാംകണ്ടി ഭഗവതി ക്ഷേത്രത്തിൽ നടന്ന മോഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ക്ഷേത്രത്തിലെ മൂന്ന് വിളക്കുകളും പൂജയ്ക്ക് ഉപയോഗിക്കുന്ന മണിയും ക്ലോക്കുമുൾപ്പെടെയുള്ള സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷണത്തിന്റെ ചുരുളഴിച്ചത്.

കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലിസും സമാന കുറ്റകൃത്യങ്ങളിൽപ്പെട്ട് ജയിൽ മോചിതരായവരെക്കുറിച്ച് രഹസ്യ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. മോഷണം നടത്തിയ രീതി ശാസ്ത്രീയമായി അപഗ്രഥിച്ചും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പ്രതിയെ വലയിലാക്കിയത്.

Similar News