തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സംഭവങ്ങള്‍: മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു.
തിരുവനന്തപുരം: തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരിക്കും അന്വേഷണം നടത്തുക. നേരത്തെയുണ്ടായ സംഭവങ്ങളില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിവരികയാണ്.
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്ക്കരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, രോഗീസൗഹൃദമാക്കുക തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക സമിതിയെ വച്ച് പഠനം നടത്തി ശിപാര്‍ശ സമര്‍പ്പിക്കുവാന്‍ മന്ത്രി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കൊലപാതകം നടന്നിരുന്നു. അന്തേവാസികൾ തമ്മിലുള്ള തർക്കമാണ് കൊലപാതത്തിലേക്ക് നയിച്ചത്. ഇതിനു പുറമെ ഇന്ന് രാവിലെ ഇതേ വാർഡിൽ നിന്ന് ഒരു സ്ത്രീ ചാടിപോയി. പഴയ കെട്ടിടത്തിന്‍റെ ചുവര് വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്നാണ് ഇറങ്ങിപ്പോയത്. ഇവരെ വൈകിട്ടോടെ മലപ്പുറത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഇവരെകൂടാതെ ഒരു പുരുഷനും രാവിലെ കുളിക്കാൻ കൊണ്ടുപോകുന്നതിനിടെ ഓടിപ്പോയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.