വയനാട്ടില്‍ ഫോറസ്റ്റ് റെയ്ഞ്ചര്‍ക്കുനേരേ കടുവയുടെ ആക്രമണം

Update: 2021-01-10 13:39 GMT

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലി കൊളവള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെ ഫോറസ്റ്റ് റെയ്ഞ്ചറെ കടുവ അക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ചെതലയം റെയ്ഞ്ച് ഓഫിസര്‍ ടി ശശികുമാറിനെ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്‍പ്പള്ളി കബനി തീരത്തെ കോളവള്ളിയിലെ ഒരു കൃഷിയിടത്തിലാണ് കടുവയെ കണ്ടത്.

നാട്ടുകാരുടെ കൂടി സഹകരണത്തോടെ കടുവയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പതുങ്ങിയിരുന്ന കടുവ ശശികുമാറിനെ ആക്രമിച്ചത്. മറ്റു വനപാലകരും നാട്ടുകാരും ബഹളംവച്ചതിനാല്‍ കടുവ ഓടി രക്ഷപ്പെട്ടു.

ഈ കടുവയെ തുരത്താന്‍ കഴിഞ്ഞ അഞ്ചുദിവസമായി വനപാലകര്‍ ശ്രമം തുടരുകയാണ്. കടുവ ആക്രമണം നടത്തിയ സാഹചര്യത്തില്‍ പ്രദേശവാസികള്‍ അതീവജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വനംവകുപ്പ് കബനി പരിസരത്തെ വിവിധയിടങ്ങളില്‍ കൂടുവച്ചിട്ടുണ്ട്.

Tags:    

Similar News