റെയില്‍വേ ട്രാക്കില്‍ പല സ്ഥലത്തും മരംവീണു; കേരളത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി
കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയ്ക്കും ചാലക്കുടിയ്ക്കും ഇടയിലാണ് ട്രാക്കിലേക്ക് മരംപൊട്ടിവീണത്. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
തൃശൂര്‍: തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ മരംപൊട്ടി വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയ്ക്കും ചാലക്കുടിയ്ക്കും ഇടയിലാണ് ട്രാക്കിലേക്ക് മരംപൊട്ടിവീണത്. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് നിന്നുള്ള ജനശതാബ്ദി എക്‌സ്പ്രസ് ആലുവയില്‍ കുടുങ്ങിക്കിടക്കുകയാണ്. കൊച്ചുവേളി-മുംബൈ എക്‌സ്പ്രസ്, തിരുവനന്തപുരം അമൃത്‌സര്‍ എക്‌സ്പ്രസ് എന്നിവയും വഴിയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഇന്ന് കോഴിക്കോട് സിഎച്ച് ഓവര്‍ബ്രിഡ്ജിന് സമീപവും മരം വീണ് ട്രെയിന്‍ ഗതാഗതം അല്‍പ്പമസമയത്തേക്കു തടസ്സപ്പെട്ടിരുന്നു.
ഇന്നലെ രാത്രി തുറവൂരിനും വയലാറിനും ഇടയില്‍ ട്രാക്കിലേക്ക് മരംവീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് തീരദേശറെയില്‍ പാതയിലൂടെയുള്ള ജനശതാബ്ദി എക്‌സ്പ്രസ്, കൊച്ചുവേളി ബംഗളൂരു എക്‌സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിട്ടു. വയലാര്‍ റെയില്‍വേ സ്‌റ്റേഷന്റെ പരിസരത്തും പട്ടണക്കാട്, കോതകുളങ്ങര എന്നിവിടങ്ങളിലുമാണ് മരം വീണത്. വൈകുന്നേരം പെയ്ത മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റാണ് മരങ്ങള്‍ കടപുഴകാന്‍ ഇടയാക്കിയത്.
ചിറയിന്‍കീഴിലും മരം ട്രെയിനിന്റെ ഓവര്‍ഹെഡില്‍ വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. തിരുവനന്തപുരം-കൊല്ലം റൂട്ടില്‍ മൂന്ന് മണിക്കൂറാണ് ട്രെയിനുകള്‍ വൈകിയത്.