സ്വര്‍ണക്കടത്ത്: ജാമ്യം തേടി ശിവശങ്കര്‍ വീണ്ടും കോടതിയില്‍; അപേക്ഷ നാളെ പരിഗണിക്കും
കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷ നാളെ കോടതിപരിഗണിക്കും. അതേ സമയം ശിവശങ്കര്‍,സ്വപ്‌ന സുരേഷ്, സരിത് എന്നിവരുടെ റിമാന്റു കാലാവധി ഇന്ന് അവസാനിക്കും
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ റിമാന്റില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു . കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷ നാളെ കോടതിപരിഗണിക്കും.
അതേ സമയം ശിവശങ്കര്‍,സ്വപ്‌ന സുരേഷ്, സരിത് എന്നിവരുടെ റിമാന്റു കാലാവധി ഇന്ന് അവസാനിക്കും.ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.സ്വപ്‌ന സുരേഷ് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും സരിത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും ശിവശങ്കര്‍ കാക്കനാട് ജയിലിലുമാണ് റിമാന്റില്‍ കഴിയുന്നത്.കള്ളപ്പണം വെളുപ്പിക്കില്‍ കേസില്‍ ഒക്ടോബര്‍ 28 നാണ് ശിവശങ്കറെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത്.തുടര്‍ന്ന് അന്നു മുതല്‍ റിമാന്റില്‍ കഴിയുന്ന ശിവശങ്കര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചുവെങ്കിലും കോടതി തള്ളിയിരുന്നു.
ഇതിനിടയിലാണ് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് കേസിലും കസ്റ്റംസ് ശിവശങ്കറെ അറസ്റ്റു ചെയ്തത്. ശിവങ്കറിന്റെ അറിവോടെയാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്നും ഇതില്‍ ശിവശങ്കറിനു പങ്കാളിത്തമുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍ തനിക്ക് യാതൊരു പങ്കാളിത്തവും ഇല്ലെന്ന നിലപാടിലാണ് ശിവശങ്കര്‍.എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.