സ്വര്‍ണക്കടത്ത്: ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശിവശങ്കറിനെതിരെ നിര്‍ണായക പരാമര്‍ശങ്ങള്‍; വാട്‌സ് ആപ് ചാറ്റില്‍ ദുരൂഹത

2017 മുതല്‍ സ്വപ്‌ന സുരേഷിനെ ശിവശങ്കറിനറിയാമായിരുന്നുവെന്നും പിന്നിട് സ്വപ്‌നയുടെ കുടുംബ സുഹൃത്തായി ശിവശങ്കര്‍ മാറിയിരുന്നുവെന്നും ഇ ഡി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.കേസിലെ മറ്റു പ്രതികളായ സരിതിനെയും സന്ദീപിനെയും ശിവശങ്കറിന് അറിയാം.സ്വപ്‌ന സുരേഷിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായ സന്ദര്‍ഭങ്ങളില്‍ ശിവശങ്കര്‍ സഹായിച്ചിരുന്നു.ഈ പണം സ്വപ്‌ന സുരേഷ് തിരികെ നല്‍കിയിരുന്നില്ല

Update: 2020-10-07 10:15 GMT

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തു നടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍,പി എസ് സരിത് എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെതിരെയും നിര്‍ണായക പരാമര്‍ശങ്ങള്‍.2017 മുതല്‍ സ്വപ്‌ന സുരേഷിനെ ശിവശങ്കറിനറിയാമായിരുന്നുവെന്നും പിന്നിട് സ്വപ്‌നയുടെ കുടുംബ സുഹൃത്തായി ശിവശങ്കര്‍ മാറിയിരുന്നുവെന്നും ഇ ഡി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.കേസിലെ മറ്റു പ്രതികളായ സരിതിനെയും സന്ദീപിനെയും ശിവശങ്കറിന് അറിയാം.സ്വപ്‌ന സുരേഷിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായ സന്ദര്‍ഭങ്ങളില്‍ ശിവശങ്കര്‍ സഹായിച്ചിരുന്നു.ഈ പണം സ്വപ്‌ന സുരേഷ് തിരികെ നല്‍കിയിരുന്നില്ല.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ 2018 ല്‍ സ്വപ്‌നയ്ക്ക് പരിചയപ്പെടുത്തി നല്‍കിയത് ശിവശങ്കര്‍ ആയിരുന്നു.ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്താന്‍ സ്വപ്നയെ സഹായിക്കാന്‍ ശിവശങ്കര്‍ വേണുഗോപാലിനോട് ആവശ്യപ്പെട്ടിരുന്നു.രണ്ടു ദിവസത്തിനു ശേഷം വീട്ടില്‍ വെച്ച് സ്വപ്‌ന വേണു ഗോപാലിന് പണം അടങ്ങിയ ബാഗ് കൈമാറിയ സമയത്തും ശിവശങ്കര്‍ ഉണ്ടായിരുന്നു.ബാങ്കില്‍ ലോക്കര്‍ ആരംഭിക്കാനും അതില്‍ പണം സൂക്ഷിക്കാനും വേണുഗോപാല്‍ സ്വപ്നയെ സഹായിച്ചു.സ്വപ്‌നയും വേണുഗോപാലും സംയുക്തമായി ബാങ്ക് ലോക്കര്‍ ആരംഭിച്ച വിവരം ശിവശങ്കറിനെ അറിയിച്ചിരുന്നു.യുഎഇ കോണ്‍സുലേറ്റില്‍ നിന്നും 2019 ആഗസ്റ്റില്‍ രാജിവെച്ച സ്വപ്‌ന കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കീഴില്‍ സ്‌പേസ് പാര്‍ക്കില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ ആരംഭിച്ച പ്രോജക്ടില്‍ ജോലിക്കായി ബയോഡാറ്റ സമര്‍പ്പിച്ചത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നു.സ്വപ്‌ന സമര്‍പ്പിച്ച അപേക്ഷയില്‍ റെഫറന്‍സായി വെച്ചത് ശിവശങ്കറിന്റെ പേരായിരുന്നു.തുടര്‍ന്ന് സ്വപ്നയെ അവര്‍ ജോലിക്കായി തിരഞ്ഞെടുക്കുകയും ചെയ്തു.

വേണുഗോപാലും ശിവശങ്കറും തമ്മില്‍ നടത്തിയ ചില വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ ദുരൂഹതയുണ്ട്.പണവുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് വേണുഗോപാലും ശിവശങ്കറും തമ്മില്‍ നടത്തിയിട്ടുണ്ട് ഇതില്‍.35,1.5 എന്നിങ്ങനയെുള്ള അക്കങ്ങള്‍ പരാമര്‍ശിക്കുന്നു. എഫ് ഡി ഫോര്‍ 30 ഷുഡ് ബി ഒകെ എന്ന വേണുഗോപാലിന്റെ സന്ദേശത്തിന് ഒകെ യെന്നും ഞാന്‍ നിങ്ങളുടെയടുത്തേക്ക് വരാമെന്നും സന്ദേശത്തില്‍ പറയുന്നു.ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം ശിവശങ്കര്‍ നല്‍കിയില്ലെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.ലോക്കറില്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വേണുഗോപാലിന്റെ സന്ദേശത്തിന് നന്ദി പറഞ്ഞ് ശിവശങ്കര്‍ മറുപടി നല്‍കിയിട്ടുണ്ട്.മുറിയില്‍ മറ്റാരുമില്ലാത്തപ്പോള്‍ തന്നെ വിളിക്കണമെന്നാവശ്യപ്പെട്ട് വേണുഗോപാല്‍ അയച്ച സന്ദേശത്തിന് ശിവശങ്കര്‍ ഒകെ പറഞ്ഞുകൊണ്ടു മറുപടി അയച്ചിട്ടുണ്ട്.സാറ എന്ന പേരും വാട്‌സ് അപ് സന്ദേശത്തില്‍ ഉണ്ടെന്നും ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.വാട്‌സ് അപ് സന്ദേശങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചില്ല.ഇലക്ട്രോണിക്‌സ് തെളിവുകള്‍ വിലയിരുത്തി വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ ഡി വ്യക്തമാക്കുന്നു.

Tags:    

Similar News