സ്വര്‍ണക്കടത്ത്:ശിവശങ്കറെ കസ്റ്റംസ് അറസ്റ്റു ചെയ്തു
കാക്കനാട് ജില്ലാ ജെയില്‍ എത്തിയാണ് കസ്റ്റംസ് അന്വേഷണം സംഘം ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.കേസില്‍ വിശദമായ ചോദ്യം ചെയ്യലിനായി ശിവശങ്കറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കും
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റു ചെയ്തു.കാക്കനാട് ജില്ലാ ജെയില്‍ എത്തിയാണ് കസ്റ്റംസ് അന്വേഷണം സംഘം ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.കേസില്‍ വിശദമായ ചോദ്യം ചെയ്യലിനായി ശിവശങ്കറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കും.സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന മറ്റു പ്രതികളായ സ്വപ്‌ന സുരേഷ്, പി എസ് സരിത്ത്, സന്ദീപ് നായര്‍ എന്നിവരെയും കസ്റ്റംസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും സുചനയുണ്ട്.മൂന്നു മാസത്തെ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ കസ്റ്റംസ് ശിവശങ്കറെ അറസ്റ്റു ചെയ്തിരിക്കുന്നത്.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തതിനെ തുടര്‍ന്നാണ് ശിവശങ്കര്‍ കാക്കനാട് ജെയിലില്‍ റിമാന്റില്‍ കഴിയുന്നത്.
നേരത്തെ കസ്റ്റംസ് ജെയിലില്‍ എത്തി ശിവശങ്കറെ ചോദ്യം ചെയ്തിരുന്നു.സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ പങ്കാളിത്തം സംബന്ധിച്ച് തെളിവ് ലഭിച്ചുവെന്നും ശിവശങ്കറെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യണമെന്നും ചൂണ്ടിക്കാട്ടി കസ്റ്റംസ് ഇന്നലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ റിപോര്‍ട് നല്‍കിയിരുന്നു. തുടര്‍ന്ന് കോടതി ശിവശങ്കറെ അറസ്റ്റു ചെയ്യാന്‍ കസ്റ്റംസിന് അനുമതി നല്‍കുകയായിരുന്നു. അതേ സമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കിയിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌നയുടെ ലോക്കറിലെ പണത്തില്‍ തനിക്ക് പങ്കില്ലെന്നാണു ശിവശങ്കര്‍ വാദിക്കുന്നത്.
അതേ സമയം ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ഇ ഡി യുടെ നിലപാട്. തനിക്കെതിരായ എന്‍ഫോഴ്സ്മെന്റിന്റെ ആരോപണങ്ങള്‍ കളവാണെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയിലും ശിവശങ്കര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ കസ്റ്റംസും എന്‍ഐഎയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയായ സ്വപ്‌നയുടെ ബാങ്ക് ലോക്കറുകളില്‍ നിന്നു കണ്ടെത്തിയ പണം ശിവശങ്കറിന്റെയാണെന്നാണ് ഇ ഡിയുടെ നിഗമനം. ഒക്ടോബര്‍ 28 നാണ് ശിവശങ്കറെ അറസ്റ്റു ചെയ്തത്.എന്നാല്‍, സ്വര്‍ണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ തനിക്കു ബന്ധമുണ്ടെന്നു തെളിയിക്കാനുള്ള വസ്തുതകള്‍ അന്വേഷണ സംഘത്തിനു കിട്ടിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു. തിരഞ്ഞുപിടിച്ചു ചില വാട്സാപ് സന്ദേശങ്ങള്‍ ഹാജരാക്കി കോടതിയെ ഇ ഡി തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശിവശങ്കര്‍ പറയുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കസ്റ്റംസ് ശിവങ്കറിനെതിരെ തെളിവുണ്ടെന്ന് കോടതിയെ അറിയിച്ച് അറസ്റ്റു ചെയ്തിരിക്കുന്നത്.ഇന്ന് രാവിലെ 10 മണിയോടെ കാക്കനാട് ജില്ലാ ജെയിലിലെ്ത്തിയ കസ്റ്റംസ് സംഘം 11.15 ഓടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങിയത്