സ്വര്‍ണ്ണക്കടത്ത്: ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘത്തിനും അറിവുണ്ടായിരുന്നുവെന്ന് ഇഡി

ഈ മാസം 10 ന് ജയിലില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന സുരേഷ് ഇക്കാര്യം പറഞ്ഞതെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.സ്വര്‍ണം കൂടാതെ ഇലക്ട്രോണിക് ഉപകരണങ്ങളും കടത്തിയിട്ടുണ്ട്.ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിനായി യൂണിടാക് ബില്‍ഡേഴ്‌സ് സ്വപ്ന സുരേഷിനും യുഎഇ കോണ്‍സുലേറ്റിലെ മുന്‍ സാമ്പത്തിക വിഭാഗം മേധാവി ഖാലിദ് അടക്കമുള്ള സ്വപ്‌നയുടെ അടുപ്പക്കാര്‍ക്കും പണം കൈക്കൂലി നല്‍കിയതും ശിവശങ്കറിന് അറിമായിരുന്നുവെന്നും ഇ ഡി കോടതിയില്‍ അറിയിച്ചു

Update: 2020-11-11 09:36 GMT

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘത്തിനും അറിവുണ്ടായിരുന്നുവെന്ന് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ് മൊഴി നല്‍കിയതായി എന്‍ഫോഴ്്‌സ്്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ശിവശങ്കറിനെ കസ്റ്റഡി കാലാവധിക്കു ശേഷം ഇന്ന് വീണ്ടും ഹാജരാക്കവെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്് കോടതിയിലാണ് ഇ ഡി ഇക്കാര്യം വ്യക്തമാക്കിയത്.ഈ മാസം 10 ന് ജയിലില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന സുരേഷ് ഇക്കാര്യം പറഞ്ഞതെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.

സ്വര്‍ണം കൂടാതെ ഇലക്ട്രോണിക് ഉപകരണങ്ങളും കടത്തിയിട്ടുണ്ട്.ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിനായി യൂണിടാക് ബില്‍ഡേഴ്‌സ് സ്വപ്്‌ന സുരേഷിനും യുഎഇ കോണ്‍സുലേറ്റിലെ മുന്‍ സാമ്പത്തിക വിഭാഗം മേധാവി ഖാലിദ് അടക്കമുള്ള സ്വപ്‌നയുടെ അടുപ്പക്കാര്‍ക്കും പണം നല്‍കിയതും ശിവശങ്കറിന് അറിമായിരുന്നുവെന്നും ഇ ഡി കോടതിയില്‍ അറിയിച്ചു.ഇത്തരത്തില്‍ കിട്ടിയ ഒരു കോടി രൂപയാണ് സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ നന്നും എന്‍ ഐ എ പിടിച്ചെടുത്തത്.ഈ പണം ഖാലിദിന് കിട്ടിയ പണത്തില്‍ നിന്നും സ്വപ്‌ന വാങ്ങിയതാണ്. ഇത് ശിവശങ്കറിനുള്ളതായിരുന്നുവെന്നാണ് മനസിലാകുന്നതെന്നും ഇ ഡി വ്യക്തമാക്കുന്നു.ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നു ബാങ്ക് ലോക്കര്‍ ആരംഭിച്ചിരുന്നതെന്നും ബാങ്ക് ലോക്കറില്‍ പണം നിക്ഷേപിച്ചതും പിന്‍വലിച്ചതുമെല്ലാം സംബന്ധിച്ച് ശിവശങ്കറിന് വ്യക്തമായി അറിവുണ്ടായിരുന്നുവെന്നും സ്വപ്‌നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും മൊഴി നല്‍കിയിട്ടുണ്ടെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.

ലൈഫ് മിഷന്‍,കെ ഫോണ്‍ പദ്ധതികളുടെ നിര്‍ണായക വിവരങ്ങളും ശിവശങ്കര്‍ സ്വപ്‌നയ്ക്ക് കൈമാറിയിരുന്നു.ലൈഫ് മിഷനുമായി ബന്ധപ്പെട്ട് 36 പ്രോജക്ടുകളില്‍ 26 എണ്ണവും നല്‍കിയത് രണ്ടു കമ്പനികള്‍ക്കു മാത്രമാണ്.ടെണ്ടര്‍ തുറക്കുന്നതിനു മുമ്പു തന്നെ ഇവര്‍ക്ക് സ്വപ്‌ന സുരേഷ് രഹസ്യവിവരങ്ങള്‍ നല്‍കി.സമാന രീതിയില്‍ കെ ഫോണ്‍ പദ്ധതിയിലെ വിവരങ്ങളും കൈമാറി.യൂണിടാക് എംഡി സന്തോഷ് ഈപ്പനുമായി ശിവങ്കറിന് അടുപ്പമുണ്ടായിരുന്നു.കെ ഫോണ്‍ പദ്ധതിയിലും യൂണിടാക് ബില്‍ഡേഴ്‌സിന ഭാഗമാക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചിരുന്നു. ടോറസ് ഡൗണ്‍ടൗണ്‍ പദ്ദതിയുമായി ബന്ധപ്പെട്ട് ശിവങ്കറുമായി അടുപ്പമുള്ള ചില വ്യക്തികളുടെ പേരുവിവരങ്ങളും സ്വപ്‌ന സുരേഷ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായും ഇ ഡി കോടതിയില്‍ അറിയിച്ചു.അതേ സമയം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യഹരജി നാളെ കോടതി പരിഗണിക്കും.ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ എതിര്‍ത്തു. ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.

Tags:    

Similar News